pridhishedham-
റോഡ് തകർച്ചയിൽ കണ്ണ് മൂടി കെട്ടി പ്രതിഷേധം

കടങ്ങോട്: മഴ കനത്തതോടെ ചെളിക്കുളമായി കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട്-തിപ്പിലിശ്ശേരി റോഡ്. എട്ട് വർഷക്കാലമായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ റോഡ് ശോചനീയാവസ്ഥയിലാണ്. 2016 ൽ ആണ് അറ്റകുറ്റപ്പണികൾ അവസാനമായി നടത്തിയത്. ആയിരക്കണക്കിന് വിദ്യാർത്ഥികളും നൂറുകണക്കിന് വാഹനങ്ങളും കടന്നു പോകുന്ന ഈ റോഡ് ഏഴു വാർഡുകളിലെ ജനങ്ങളുടെ പ്രധാന സഞ്ചാര പാതയാണ്. മൂന്നര കിലോമീറ്റർ ദൂരമുള്ള പഞ്ചായത്ത് വഴിയിലൂടെ കാൽനട യാത്ര പോലും ദുഷ്‌കരമാണ്. കഴിഞ്ഞ ദിവസം വാഹനം കടന്നു പോകുമ്പോൾ കല്ലുതെറിച്ച് വഴിയോരത്തെ വീടിന്റെ ഗ്ലാസ് പൊട്ടിയിരുന്നു. നിരവധി വാഹനങ്ങളാണ് ദിനംപ്രതി അപകടത്തിൽപ്പെടുന്നത്. ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനട യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. മേഖലയിലെ കരിങ്കൽ ക്വാറികൾ പ്രവൃത്തിച്ചപ്പോൾ പഞ്ചായത്തുമായി ചേർന്ന് ഈ റോഡ് നവീകരിച്ചിരുന്നു. എന്നാൽ ഈ ഭാഗത്തെ മെമ്പർന്മാർ പഞ്ചായത്ത് അധികൃതരോട് റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണെന്ന് സ്വീകരിക്കണമെന്ന് ആക്ഷേപമുണ്ട്.

റോഡിലെ കുഴി തപ്പി പോകേണ്ട അവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി കടങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണുകെട്ടി പ്രതിഷേധ സമരം നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഇ. ചന്ദ്രൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.വി. ധനീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ സമരത്തിന് ബി.ജെ.പി എരുമപ്പെട്ടി മണ്ഡലം വൈസ് പ്രസിഡന്റ് വി.എം.സുരേന്ദ്രൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് കടങ്ങോട്, ജനു വെള്ളറക്കാട്, രാജേഷ് എയ്യാൽ, ബാബു ആദൂർ, സനൂപ് കുടക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.