1
1

കൊടുങ്ങല്ലൂർ : പി.എം.എം.എസ്.വൈയിലോ നബാർഡ് പദ്ധതിയിലോ ഉൾപ്പെടുത്തി അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. ഇ.ടി. ടൈസൺ എം.എൽ.എയുടെ സബ് മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മാണത്തിനായി 2007-08 കാലയളവിൽ സർക്കാർ ഭരണാനുമതി നൽകിയിരുന്നു. എന്നാൽ ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തോട് ചേർന്നുള്ള ഭൂമിയുടെ ഉടമസ്ഥരായ സൗരാഷ്ട്ര സിമന്റ് കമ്പനി ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയതിനെ തുടർന്ന് നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചില്ല. ഏകദേശം 144 മത്സ്യബന്ധന ബോട്ടുകളും പതിനായിരത്തിലധികം മത്സ്യത്തൊഴിലാളികളും മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പ്രദേശമാണിത്. നിലവിൽ മത്സ്യം കരയ്ക്കടുപ്പിക്കുന്നതിനും വിൽപ്പനയ്ക്കും മറ്റുമുളള സൗകര്യങ്ങളില്ലാത്തത് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നു.

വിശദമായ പദ്ധതി കേന്ദ്രത്തിന് നൽകി
ഹൈക്കോടതി വിധി അനുകൂലമായതോടെയും ഫിഷ് ലാൻഡിംഗ് സെന്ററിലേക്ക് ബദൽ പ്രവേശന മാർഗം ഉറപ്പാക്കിയും അഴിക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിന്റെ വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതം ഉപയോഗിച്ച് പി.എം.എം.എസ്.വൈ ൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നതിനുളള അനുമതിക്കായി സംസ്ഥാന സർക്കാർ 20 കോടി രൂപയുടെ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി 2023 ഡിസംബർ 23 ന് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ ഏജൻസിയായ സി.ഐ.സി.ഇ.എഫ് പദ്ധതി രൂപരേഖ പരിശോധിക്കുകയും അവരുടെ നിർദ്ദേശമനുസരിച്ച് ഹാർബർ എൻജിനിയറിംഗ് വകുപ്പ് ചീഫ് എൻജിനിയർ പുതുക്കിയ പദ്ധതി രൂപരേഖ തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തു. വാർഫ്, ലേലപ്പുര, ലോക്കർ റൂം, നെറ്റ് മെൻഡിംഗ് ഷെഡ്, കാന്റീൻ, കട മുറികൾ, ശുചിമുറി, റോഡ്, പാർക്കിംഗ് ഏരിയ, ചുറ്റുമതിൽ നിർമ്മാണം, റിക്ലമേഷൻ ബണ്ട്, ഓവർ ഹെഡ് വാട്ടർ ടാങ്ക് എന്നിവയുടെ നിർമ്മാണങ്ങളും ഡ്രെഡ്ജിംഗ് പ്രവൃത്തികളുമാണ് പദ്ധതി രൂപരേഖയിൽ ഉൾക്കൊള്ളിച്ചിരുന്നത്.