തൃശൂർ: ഗുരുവായൂർ നഗരസഭയിലുള്ള എച്ച്.എം.സി നഗർ പ്രദേശത്തെ ഡ്രെയിനേജ് എല്ലാ മാസവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും ശുചീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഗുരുവായൂർ നഗരസഭാ സെക്രട്ടറിക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. ഗുരുവായൂർ മുൻസിപ്പാലിറ്റിയിലെ ഒരു കാന ഒഴുകി വലിയ തോട്ടിലെത്തുന്നുവെന്നും ദുർഗന്ധം പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പരാതിപ്പെട്ട് പ്രദേശവാസിയായ വി. ഹരിനാരായണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. എച്ച്.എം.സി പ്രദേശത്തെ ഡ്രെയിനേജിലുള്ള ബ്ലോക്ക് നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ വൃത്തിയാക്കിയതായി നഗരസഭാ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. എന്നാൽ കമ്മിഷനിൽ നിന്നും നോട്ടീസ് ലഭിച്ച ശേഷം ഒരു മാസം മാത്രം ശുചീകരണം നടത്തിയതല്ലാതെ നഗരസഭ യാതൊന്നും ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മഴക്കാലമാകുമ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.