1

തൃശൂർ: നാലമ്പല തീർത്ഥാടനത്തിന് ഒരുക്കം പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രമായ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യൂ നിൽക്കാൻ പന്തലും ബാരിക്കേഡും റാമ്പുകളും നിർമ്മിച്ചിട്ടുണ്ട്. സി.സി.ടി.വി കാമറകളും ഇ - ടോയ്‌ലറ്റ് സൗകര്യവും തയ്യാറാണ്. ഭക്തർക്ക് വരിയിൽ നിന്ന് വഴിപാടുകൾ ശീട്ടാക്കുന്നതിന് സൗകര്യവുമുണ്ട്.

മെഡിക്കൽ സേവനവുമുണ്ടാകും. കൂടൽമാണിക്യം, മൂഴിക്കുളം, പായമ്മൽ ക്ഷേത്രങ്ങൾ അടങ്ങുന്നതാണ് നാലമ്പല ദർശനം. വാർത്താ സമ്മേളനത്തിൽ മെമ്പർമാരായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, സെക്രട്ടറി പി. ബിന്ദു, ഡെപ്യുട്ടി കമ്മിഷണർ കെ. സുനിൽ കുമാർ, ഡെപ്യുട്ടി സെക്രട്ടറി എം. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.

പുലർച്ചെ മൂന്നരയ്ക്ക് നടതുറക്കും
തൃപ്രയാറിൽ പുലർച്ചെ 3.30ന് നടതുറക്കും. അഞ്ചിന് ഉഷപൂജ, എതൃത്ത് പൂജ എന്നിവയ്ക്ക് നട അടയ്ക്കുന്നതിനാൽ ദർശനമുണ്ടാകില്ല. 6.15 ന് നടതുറന്ന് പ്രഭാതശീവേലിക്ക് ശേഷം 6.45ന് പന്തീരടി പൂജയ്ക്ക് നടയടയ്ക്കും. 7.15 മുതൽ 11.30 വരെ തുടർച്ചയായി ദർശനമുണ്ടാകും. 11.45ന് നട തുറന്ന് 12ന് അടയ്ക്കും. വൈകീട്ട് നാലിന് നട തുറന്ന് രാത്രി എട്ടിന് നടയടയ്ക്കും.


തിരുവില്വാമലയിൽ നിന്നും

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവില്വാമല ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന മറ്റൊരു നാലമ്പല തീർത്ഥാടനവും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് എം.കെ. സുദർശൻ പറഞ്ഞു. വില്വാദ്രിനാഥ ക്ഷേത്രത്തിലെ ശ്രീരാമലക്ഷ്മണ ക്ഷേത്രങ്ങൾക്ക് പുറമേ പാലക്കാട് ജില്ലയിലെ കുഴൽമന്ദത്തുള്ള പുൽപ്പരമന്ദം ഭരതക്ഷേത്രം, കുത്തന്നൂർ കൽക്കുള്ളത്ത് ശത്രുഘ്‌ന ക്ഷേത്രവും ഉൾക്കൊള്ളുന്നതാണ് നാലമ്പല തീർത്ഥാടനം.