തൃശൂർ: മേയർ എം.കെ. വർഗീസിനെ മാറ്റണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ലെന്ന ശക്തമായ നിലപാടുമായി സി.പി.ഐ മുന്നോട്ടുപോകുമ്പോൾ എന്ത് ചെയ്യറമെന്നറിയാതെ സി.പി.എം നേതൃത്വം. സി.പി.ഐ ജില്ലാ സെക്രട്ടറിക്ക് പിന്നാലെ തൃശൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനിൽകുമാറും മേയർക്കെതിരെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. എൽ.ഡി.എഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് സുനിൽകുമാർ വ്യക്തമാക്കിയത്.
മേയറെയും സി.പി.ഐയെയും പിണക്കാതെ ഭരണം മുന്നോട്ടുകൊണ്ടുപോകാനാകുമോയെന്നാമ് സി.പി.എം ആലോചന. സി.പി.ഐ ആവശ്യത്തിന് മുന്നിൽ കീഴടങ്ങി മേയറോട് സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ ഒന്നര വർഷത്തോളം ബാക്കിയുള്ള ഭരണം നഷ്ടമായേക്കും. മേയർ രാജിവച്ച് സി.പി.ഐക്ക് വഴിമാറിയാലും തുടർന്ന് നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ എം.കെ. വർഗീസിന്റെ നിലപാട് നിർണായകമാകും.
വൊട്ടെടുപ്പിൽ നിന്ന് എം.കെ. വർഗീസ് വിട്ടുനിന്നാൽ എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ നിലയിലാകും സീറ്റ്. അങ്ങനെ വന്നാൽ നറുക്കെടുപ്പെ് എന്ന ഭാഗ്യപരീക്ഷണമാകും ഫലം. അതിനാൽ പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനാണ് സി.പി.എം ആലോചിക്കുന്നത്.
ഉഭയകക്ഷി ചർച്ചകൾക്ക് നേതൃത്വം
മേയറെ മാറ്റണമെന്ന കാര്യത്തിൽ സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം - സി.പി.ഐ ചർച്ചകൾ സജീവം. പാർട്ടികൾ തമ്മിൽ സംസാരിച്ച ശേഷം എൽ.ഡി.എഫിൽ ചർച്ച ചെയ്യാമെന്ന നിലപാടിലാണ് എൽ.ഡി.എഫ് നേതൃത്വം. വരുംദിവസങ്ങളിൽ ഇരുപാർട്ടികളിലെയും മുതിർന്ന നേതാക്കൾ തമ്മിൽ ചർച്ച നടത്തിയേക്കും. പരസ്യ പ്രസ്താവന ഒഴിവാക്കി ചർച്ചകൾ നടത്താമെന്ന നിലപാടാണ് സി.പി.എമ്മിന്.
സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ സജീവം
കൗൺസിൽ യോഗത്തിൽ സി.പി.ഐ കൗൺസിലർമാർ പങ്കെടുക്കുന്നില്ലെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലും സി.പി.ഐ അംഗങ്ങൾ പങ്കെടുത്തിരുന്നു. കൗൺസിലിൽ സി.പി.ഐക്ക് നാലു അംഗങ്ങളാണുള്ളത്. ഇതിൽ ടാക്‌സ് കമ്മിറ്റിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി മാത്രമാണ് സി.പി.ഐക്കുള്ളത്.