1

തൃശൂർ: ദേശീയ ഔഷധസസ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയും റീജ്യണൽ കം ഫെസിലിറ്റേഷന്റെ സാങ്കേതിക മാർഗനിർദേശത്തോടെയും മുളങ്കുന്നത്തുകാവിലെ ആരോഗ്യ സർവകലാശാലാ കാമ്പസിനുള്ളിൽ 8 ഹെക്ടർ വിസ്തൃതിയിൽ ഹെർബൽ ഗാർഡൻ നിർമ്മിക്കുന്നു. ആരോഗ്യ സർവകലാശാലയുടെ ക്യാമ്പസ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള പ്രസ്തുത പദ്ധതി വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനു കൂടിയുള്ള ഒരു വിലപ്പെട്ട സൗകര്യമായി വർത്തിക്കും. ഔഷധ സസ്യശേഖരത്തിൽ 79 അപൂർവവും വംശനാശഭീഷണി നേരിടുന്നവയും ഉൾപ്പെടെ 200 ഇനം സസ്യഇനങ്ങളുണ്ട്. എല്ലാ പ്ലാന്റുകളിലും ക്യു.ആർ കോഡ് ചെയ്ത വിശദാംശങ്ങൾ ലേബൽ ചെയ്യും. ഔഷധ സസ്യതോട്ടത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ റോക്‌സ്ബർഗി (പുത്രജീവ) തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, രജിസ്ട്രാർ ഡോ. ഗോപകുമാർ, ഡോ. പി. സുജനപാൽ, ഡോ. കെ.സി. ചാക്കോ, എ.പി. വത്സല, എം. സുമോദ്, കനകരാജ് എന്നിവർ സന്നിഹിതരായി.