vaidya
വൈദ്യരത്‌നം ഗ്രൂപ്പിൻ്റെ സ്ഥാപക ദിനാഘോഷം യുണൈറ്റഡ് നേഷൻസ് ജി20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്ര ശാഖയല്ല ആയുർവേദമെന്ന ആരോപണത്തെ നേരിടാൻ നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഗവേഷണങ്ങളിലൂടെ സാധിക്കുമെന്ന് യുണൈറ്റഡ് നേഷൻസ് ജി- 20 ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി.

വൈദ്യരത്‌നം ഗ്രൂപ്പിന്റെ സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിഗ് ഡേറ്റ അനലിറ്റിക്‌സിന്റെ അനന്തസാദ്ധ്യതകൾ ഉപയോഗിച്ച് ആയുർവേദത്തിന് മുന്നേറാനാകും. 93 രാജ്യങ്ങളിൽ ആയുർവേദത്തിന് പ്രചാരമുണ്ട്. 171 രാജ്യങ്ങളിലും പരമ്പരാഗത വൈദ്യശാസ്ത്രം പ്രചാരത്തിലുണ്ട്. ഈ രാജ്യങ്ങളിൽ ചികിത്സച്ചെലവുകൾ കുറവാണ്. കേരളത്തിൽ പ്രായമായവരുടെ എണ്ണം കൂടി. ആയുർവേദത്തിന് ഈ രംഗത്ത് സംഭാവനകൾ നൽകാനാകും. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും സമന്വയിപ്പിച്ചുള്ള ചികിത്സാരീതിയിലാണ് ഭാവിയെന്നും ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. വിദ്വത്ത പുരസ്‌കാരങ്ങളുടെ വിതരണവും നിർവഹിച്ചു.

60 വർഷം മുമ്പ് രചിച്ച പുഷ്പാഞ്ജലി എന്ന ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം, ആദ്യ പ്രതി ഡോ. കെ.വി. രാമൻകുട്ടി വാരിയർക്ക് കൈമാറി കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് നിർവഹിച്ചു. അഷ്ടവൈദ്യൻ ഇ.ടി. നീലകണ്ഠൻ മൂസ്സിന്റെ ഇരുപത്തിയേഴാം ചരമവാർഷികദിനത്തോടനുബന്ധിച്ചായിരുന്നു സ്ഥാപക ദിനാചരണം.

വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ് അദ്ധ്യക്ഷനായി. ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ അക്കാഡമിക് പുരസ്‌കാരങ്ങൾ നൽകി. ഡിജിറ്റൽ ത്രൈമാസിക പ്രകാശനം ചെയ്തു.

വൈദ്യരത്‌നം ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടർമാരായ അഷ്ടവൈദ്യൻ ഡോ. ഇ.ടി. യദു നാരായണൻ മൂസ്സ്, അഷ്ടവൈദ്യൻ ഡോ. ഇ.ടി. കൃഷ്ണൻ മൂസ്സ്, സി.ഇ.ഒ പ്രദീപ് നായർ, കോർപറേഷൻ കൗൺസിലർ സി.പി. പോളി, വൈദ്യരത്‌നം സാങ്കേതിക ഉപദേഷ്ടാവ് വൈദ്യൻ എ.പി.ഡി. നമ്പീശൻ, വൈദ്യരത്‌നം ആയുർവേദ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി.എൻ. പ്രസന്ന, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ബി. രവീണ തുടങ്ങിയവർ പങ്കെടുത്തു. സെമിനാറുകളിൽ ഡോ. പി.പി. കിരാത മൂർത്തി , ഡോ. പി.കെ.വി. ആനന്ദ് , ഡോ. കെ.എൻ. ആനന്ദ ലക്ഷ്മി , ഡോ. മേഘ എന്നിവർ ക്ലാസ്സെടുത്തു. ഡോ. രാഹുൽ എച്ച് മോഡറേറ്ററായി.