വടക്കാഞ്ചേരി: വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പഴയ കെട്ടിടം ഇനി ചരിത്ര താളുകളിലേക്ക്. ഒന്നര നൂറ്റാണ്ടിന്റെ പൊലീസ് ചരിത്രം പറയാനുണ്ട് ഓട് മേഞ്ഞ ഈ കെട്ടിടത്തിന്. 1891ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഖ്യ രാജ്യമായിരുന്ന കൊച്ചി രാജവംശത്തിലെ ചുരുക്കം ചില പൊലീസ് സ്റ്റേഷനുകളിൽ ഒന്നായിരുന്നു വടക്കാഞ്ചേരി. 1888 മുതൽ 1895 വരെ കൊച്ചി രാജ്യം ഭരിച്ച കേരള വർമ്മ മഹാരാജാവിന്റെ കാലത്താണ് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പണി തീർത്തത്. തലപ്പിള്ളി താലൂക്ക് ആസ്ഥാനത്ത് സംസ്ഥാന പാതയോരത്ത് പുതിയകെട്ടിടത്തിൽ ഇപ്പോൾ പൊലിസ് സ്റ്റേഷൻ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുകയാണ്. പഴയന്നൂർ, ചേലക്കര, ചെറുതുരുത്തി, എരുമപ്പെട്ടി ,തൃശൂർ മെഡിക്കൽ കോളജ് തുടങ്ങി വലിയൊരു പ്രദേശത്തിന്റെ നിയമവാഴ്ച്ച നടത്തിയിരുന്നത് ഒരു കാലത്ത് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു. പഴയന്നൂരിലും ചെറുതുരുത്തിയിലും കൊച്ചി രാജ്യത്തിന്റെ ചുങ്കം പിരിവ് കേന്ദ്രങ്ങളാണ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. പിന്നീട് ഈ പ്രദേശങ്ങളിലെ ജനസംഖ്യാ വർധനവും കുറ്റകൃത്യങ്ങളുടെ തോതും വർധിച്ചതോടെ പൊലീസ് സ്റ്റേഷനുകളുടെ എണ്ണവും കൂടി. കഴിഞ്ഞ 8 വർഷം മുൻപ് വരെ ഈ പോലീസ് സ്റ്റേഷനുകളെല്ലാം വടക്കാഞ്ചേരി സർക്കിളിന് കീഴിലായിരുന്നു. പ്രസിദ്ധരായ ഒട്ടനവധി പൊലീസ് ഉദ്ദ്യോഗസ്ഥരെ സംഭാവന ചെയ്യാനും പഴയ വടക്കാഞ്ചേരി സ്റ്റേഷന് സാധിച്ചു. കൂടാതെ നക്‌സൽ നേതാവായിരുന്ന അജിത കിടന്നിരുന്ന ലോക്കപ്പ് ഈ സ്റ്റേഷന്റെ ഭാഗമായിരുന്നു.

ആധുനിക സൗകര്യങ്ങളോടെ തലപ്പിള്ളി താലൂക്ക് ആസ്ഥാനത്ത് സംസ്ഥാന പാതയോരത്ത് പുതിയകെട്ടിടം നിലനിൽക്കുന്നുണ്ട്. എന്നാൽ ആധുനികതയെ പുൽകുമ്പോഴും പഴമയേയും പുരാതന നിർമ്മിതികളേയും നിലനിർത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ നൂറ്റാണ്ട് പിന്നിട്ട സ്റ്റേഷൻ കെട്ടിടം പൊളിക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് അധികൃതർ പറയുന്നു. ചോർന്നൊലിച്ച് ദുർബലാവസ്ഥയിലാണ് കെട്ടിടം. പഴയ സ്റ്റേഷൻ പൊളിച്ച് നീക്കിയാൽ പാർക്കിംഗ് സൗകര്യം ശുഷ്‌കരമായ പുതിയ സ്റ്റേഷന് വിശാലമായ സ്ഥലവും ലഭ്യമാകും.