കൊടുങ്ങല്ലൂർ : കോടതി സമുച്ചയം നിർമ്മിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദത്തിന് വിട. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം അനുവദിക്കാൻ കൗൺസിൽ യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. എറിയാടുള്ള മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്ത് കോടതി സമുച്ചയം നിർമ്മിക്കാനായിരുന്നു ജുഡീഷ്യൽ വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ അതിനെതിരെ മതിലകം ബ്ലോക്ക് പഞ്ചായത്തും എറിയാട് പഞ്ചായത്തും തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്ഥലം വിട്ടു നൽകിയ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. കൊടുങ്ങല്ലൂരിൽ നിന്നും കോടതി മാറ്റാനുള്ള നീക്കത്തിനെതിരെ വിവിധ പ്രസ്ഥാനങ്ങളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പുതിയ കോടതി സമുച്ചയത്തിനായി നഗരസഭയും സ്ഥലം എം.എൽ.എയും മറ്റൊരു സ്ഥലം കണ്ടത്തേണ്ടതായിരുന്നെന്നും വിമർശനമുയർന്നു. ഇതിനിടെയാണ് ഇന്നലെ ചേർന്ന കൗൺസിൽ യോഗം കോടതി കെട്ടിടം പണിയാൻ സ്ഥലം കൊടുക്കാൻ ഐക്യകണ്‌ഠേന തീരുമാനം എടുത്തത്. ചെയർപേഴ്‌സൺ ടി.കെ. ഗീത അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ വി.എസ്. ദിനൽ, കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, ടി.എസ്. സജീവൻ, വി.എം. ജോണി, പി.എൻ. വിനയചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അനുവദിക്കുക 50 സെന്റ് സ്ഥലം
മേത്തല വില്ലേജിൽ പഴയ ശിൽപ്പി തിയേറ്റർ സ്ഥിതി ചെയ്തിരുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള 69 സെന്റ് സ്ഥലത്തിൽ 50 സെന്റ് സ്ഥലമാണ് കോടതി സമുച്ചയം നിർമ്മിക്കുന്നതിന് അനുവദിക്കുക. പകരമായി കോടതി ഇപ്പോൾ നിലനിൽക്കുന്ന നഗരത്തിലെ സിവിൽ സ്റ്റേഷനോട് ചേർന്ന സ്ഥലം നഗരസഭയ്ക്ക് നൽകും. കൊടുങ്ങല്ലൂരിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന മജിസ്‌ട്രേറ്റ്, മുൻസിഫ് കോടതികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ കുറവായതിനാലും തിരക്കേറിയ സ്ഥലത്ത് പ്രവർത്തിക്കുന്നതിനാലും നഗരസഭാ പ്രദേശത്തെ മറ്റൊരു സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.