press

തൃശൂർ: ക്യാമറയെ മനുഷ്യപക്ഷത്ത് നിറുത്തുന്ന സമരായുധമാക്കി മാറ്റാൻ ഫോട്ടോഗ്രാഫർമാർ ശ്രമിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. അന്തരിച്ച ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ.എസ് പ്രവീൺകുമാറിന്റെ ചിത്രങ്ങളുടെ പ്രദർശനത്തോടനുബന്ധിച്ച് സാഹിത്യ അക്കാഡമി ഹാളിൽ നടത്തിയ സമ്മേളനവും പ്രഥമ ഫോട്ടോഗ്രാഫി അവാർഡും വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരള മീഡിയ അക്കാഡമി തൃശൂർ പ്രസ്‌ ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രഥമ പ്രവീൺകുമാർ അവാർഡ് നേടിയ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പ്രിൻസിപ്പൽ ഫോട്ടോഗ്രാഫർ എ. സനേഷിന് മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. സംവിധായകൻ പ്രിയനന്ദനൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. മീഡിയ അക്കാഡമി വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ് അദ്ധ്യക്ഷനായി. പി. ബാലചന്ദ്രൻ എം.എൽ.എ, അനിൽ ഭാസ്‌കർ, റസൽ ഷാഹുൽ, ഒ. രാധിക, പോൾ മാത്യു, പ്രവീൺ കുമാറിന്റെ ഭാര്യ ഡോ. രത്‌ന കുമാരി എന്നിവർ സംസാരിച്ചു. പ്രദർശനം ഞായറാഴ്ച സമാപിക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 6.30 വരെയാണ് പ്രദർശനം.