peechi-

തൃശൂർ: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി ജില്ലയിലെ 1024 വിദ്യാലയങ്ങളിലും 3030 അംഗൻവാടികളിലും തയ്യാറാക്കിയ ആയിരക്കണക്കിന് വിത്തുപന്തുകൾ, കുഞ്ഞുകൈകൾ മണ്ണിലേക്കെറിഞ്ഞു. പന്തുകളിൽ അടക്കം ചെയ്ത വിത്തുകൾ മഴയത്ത് മുളച്ചുപൊന്തി ഭൂമിയെ ഹരിതാഭമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോകമെമ്പാടും പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ ആവിഷ്‌കരിച്ച് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സീഡ് ബാൾ നിർമാണവും സീഡ് ബോംബിംഗും.

'കാലാവസ്ഥാ വ്യതിയാനം മരം ഒരു പ്രതിവിധി' എന്ന കാഴ്ചപ്പാടിനെ മുൻനിറുത്തി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച സുസ്ഥിര വികസനത്തിനായുള്ള 17 ലക്ഷ്യങ്ങളിൽ 13-ാമത്, 'ക്ലൈമെറ്റ് ആക്ഷൻ' എന്ന പ്രവർത്തനത്തിന്റെ പ്രായോഗിക രൂപമാണ് പ്രാദേശിക തലങ്ങളിൽ വിത്തുപന്തുകളായി രൂപപ്പെട്ടിട്ടുള്ളത്.

ജില്ലയിലെമ്പാടും ഇതേ സമയം നടന്ന സീഡ് ബോംബിംഗ് പരിപാടിയിൽ കുട്ടികൾക്കൊപ്പം ജനപ്രതിനിധികൾ, പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹിക ശാസ്ത്രജ്ഞൻമാർ, പരിസ്ഥിതി പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർ പങ്കാളികളായി. അടുത്ത മൂന്നോ നാലോ വർഷക്കാലം തുടർച്ചയായി ജില്ലയിലെമ്പാടും വിത്തുപന്തിന്റെ നിർമാണവും സീഡ് ബോബിംഗും സംഘടിപ്പിക്കാനാണ് സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

അംഗൻവാടി വിദ്യാർത്ഥികൾ മുതൽ

ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും അംഗൻവാടികളിലെ കുട്ടികൾ മുതൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ വരെ പ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനായി.

പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, പഞ്ചായത്ത് അംഗം ബാബു തോമസ്, കെ.എഫ്.ആർ.ഐ. ഔഷധ സസ്യ ബോർഡ് റീജ്യണൽ ഡയറക്ടർ ഡോ. കെ.സി. ചാക്കോ, കാർഷിക കോളേജ് മുൻ ഡീൻ ഡോ. കെ. വിദ്യാസാഗർ, ടി.വി. മദനമോഹനൻ, ഡോ. എം. ശ്രീജ, വി. മനോജ്, സുനിൽ ജോൺ മാത്യു, എ. ഗിരീശൻ, സി. രേഖ രവീന്ദ്രൻ, മുബീന നസീർ, എ.കെ. അജിതകുമാരി, എൻ.ജെ. ജയിംസ് തുടങ്ങിയവർ സംസാരിച്ചു.