ചാലക്കുടി: അധികാര തർക്കത്തിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലും ആസ്വാരസ്യം തലപൊക്കി. അവസാനത്തെ ഒന്നര വർഷം വൈസ് പ്രസിഡന്റ് സ്ഥാനം തനിക്ക് നൽകാമെന്ന് നേതാക്കൾ വാക്ക് പറഞ്ഞിരുന്നുവെന്നും ഇത് പ്രാവർത്തികമാക്കണമെന്നും മേലൂർ പഞ്ചായത്തിൽ നിന്നുള്ള വനിതാ അംഗം ആവശ്യപ്പെട്ടതാണ് കോൺഗ്രസ് ഭരണ സമിതിക്ക് പുതിയ തലവേദന. പാർലിമെന്ററി പാർട്ടി യോഗത്തിൽ വനിതാ അംഗം ഇക്കാര്യം ശക്തമായി ഉന്നയിച്ചു. എന്നാൽ നിലവിലെ വൈസ് പ്രസിഡന്റ് ലീനാ ഡേവിസ് ഈ വിഷയത്തിൽ ഒരു ധാരരണയും ഉണ്ടാക്കിയിട്ടില്ലെന്ന് വിശദീകരിച്ചു. ഇതോടെ ഭരണസമിതിയുമായി മേലൂരിൽ നിന്നുള്ള വനിതാഅംഗം വിട്ടുനിൽക്കുകയാണെന്ന് ആക്ഷേപമുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാന കൈമാറ്റത്തിന് ഭരണ സമിതിയിലെ പ്രമുഖർ ഇവരെ അനുകൂലിക്കുന്നുണ്ടെന്നും പറയുന്നു. എന്നാൽ പി.കെ. ജേക്കബ് അദ്ധ്യക്ഷനായ വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയിലും മാറ്റത്തിന് മുൻ ധാരണയുണ്ടെന്നും ഇത് നടപ്പാക്കണമെന്നും കോടശേരിയിൽ നിന്നുള്ള യുവ ഡിവിഷൻ മെമ്പർ ആവശ്യപ്പെട്ടിട്ടുണ്ടതോടെ മറ്റൊരു പ്രതിസന്ധിയും ഉടലെടുത്തു. ബ്ലോക്ക്, ജില്ലാ കമ്മിറ്റികളിൽ ഇതു സംബന്ധിച്ച് പരാതി അയക്കാനാണ് അസംതൃപ്തരുടെ നീക്കമെന്ന് പറയുന്നു.