theruvenaya-
തെരുവുനായ് ശല്യം രൂക്ഷമായപ്പോൾ

വേലൂർ: വേലൂരിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നായ്ക്കൾ കൂട്ടമായി തെരുവുകൾ കൈയടക്കുമ്പോൾ ഏറെ ഭയന്നാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരേയും നായ്ക്കൾ വെറുതേ വിടുന്നില്ല. കൂട്ടാമായെത്തുന്ന നായ്ക്കളുടെ ആക്രമത്തിൽ ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെടുന്നതും പതിവായി മാറിയിരിക്കുകയാണ്. വിദ്യാർത്ഥികളുടെ സൈക്കിളിന് പിന്നാലെ നായ്ക്കൾ ഓടിയെത്തുന്നതും പതിവ് കാഴ്ച്ചയാണ്. ചില മൃഗസ്‌നേഹികൾ വൈകുന്നേരങ്ങളിൽ വാഹനങ്ങളിലെത്തി റോഡ് അരികിൽ ഭക്ഷണപ്പൊതികൾ ഇട്ടുകൊടുത്തു പോകുന്നതാണ് തെരുവനായ ശല്ല്യം വർദ്ധിക്കുന്നതിന് പ്രധാന കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ചില ദിവസങ്ങളിൽ ഈ ഭക്ഷണപ്പൊതികൾ കിട്ടാതാകുന്നതോടെ ഇവ അക്രമാസക്തരാകുകയാണ്. തെരുവ് നായകളെ വന്ധീകരിക്കാനും പ്രദേശത്തുനിന്ന് പിടിച്ച് കൊണ്ടുപോകാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാൽ വേലൂർ പഞ്ചായത്തിൽ പരാതി നൽകിയപ്പോൾ തെരുവ് നായയെ കൊല്ലുന്നതിനോ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനോ നിയമസാധ്യതകൾ ഇല്ലെന്നും പറഞ്ഞ് ഒഴിഞ്ഞ് മാറിയതായി നാട്ടുകാർ പറയുന്നു. പേ വിഷബാധയ്ക്കുള്ള കുത്തിവെപ്പുകൾ നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങൾ മാത്രം നടപ്പിലാക്കി പഞ്ചായത്ത് കൈഒഴിഞ്ഞെന്ന് നാട്ടുകാർ പറയുന്നു.


വേലൂരിൽ കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ തെരുവ് നായ ആക്രമണത്തിൽ നിരവധി പേരാണ് ഇരയായത്. കൂടാതെ നിരവധി മൃഗങ്ങളും ആക്രമണത്തിന് ഇരയായി. നാല് ബൈക്ക് യാത്രക്കാർ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു. രണ്ടു വഴിയാത്രക്കാർ തെരുവ് നായയുടെ കടിയേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. വെങ്ങിലിശ്ശേരിയിൽ ക്ഷീര കർഷകൻ അറക്കൽ ദേവസി ലോറൻസിന്റെ പശുക്കിടാവ് നായയുടെ കടിയേറ്റ് ചത്തിരുന്നു. മറ്റൊരു കർഷകന്റെ ഏഴ് ആടുകൾക്ക് കടിയേറ്റതിൽ 5 ആടുകൾ ചത്തു. വേലൂർ വെള്ളറ്റഞ്ഞൂർ സ്വദേശിയായ വടക്കൂടൻ വീട്ടിൽ ഷിബുവിന്റെ ഫാമിലെ ഒരു പശുക്കുട്ടിക്കും കടിയേറ്റ് ചത്തിരുന്നു.