കൊടുങ്ങല്ലൂർ : തൊഴിൽ രഹിതരായ വീട്ടമ്മമാരുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് ബെന്നി ബെഹ്നാൻ എം.പി പറഞ്ഞു. നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷനും കോട്ടപ്പുറം കിഡ്‌സും സംയുക്തമായി സംഘടിപ്പിച്ച തയ്യൽ മെഷീൻ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയെന്നത് സമൂഹത്തിന്റെ കടമയാണെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു. രൂപത വികാരി ജനറൽ റോക്കി റോബിൻ കളത്തിൽ അദ്ധ്യക്ഷനായി. നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് സഫീർ, കൊടുങ്ങല്ലൂർ നഗരസഭാ കൗൺസിലർ വി.എം. ജോണി, കിഡ്‌സ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ, അസി. ഡയറക്ടർമാരായ ഫാ. എബ്‌നേസർ ആന്റണി കാട്ടിപ്പറമ്പിൽ, ഫാ. ബിയോൺ തോമസ് കോണത്ത് എന്നിവർ സംസാരിച്ചു. അമ്പത് ശതമാനം വരെ സാമ്പത്തിക സഹായത്തോടെയാണ് വനിതകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്യുന്നത്.