തൃശൂർ: കളക്ടർ വി.ആർ. കൃഷ്ണതേജയുടെ ഡെപ്യൂട്ടേഷന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. സ്വദേശമായ ആന്ധ്രാപ്രദേശിലേക്ക് മൂന്നു വർഷത്തേക്കാണ് നിയമനം. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ പ്രത്യേക സംഘത്തിലേക്കാണ് പുതിയ നിയമനം. കഴിഞ്ഞ എതാനും ആഴ്ചകൾക്ക് മുമ്പാണ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ആന്ധ്രയിൽ അധികാരത്തിലെത്തിയത്.
ഉപമുഖ്യമന്ത്രിയായ പവൻ കല്യാണിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് കൃഷ്ണതേജയുടെ സേവനം ആവശ്യപ്പെട്ടത്. കേരളത്തിൽ ആലപ്പുഴ, തൃശൂർ ജില്ലകളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ ദേശീയശ്രദ്ധയാകർഷിച്ചിരുന്നു. എതാനും ദിവസങ്ങൾക്കകം പുതിയ കളകട്കർക്ക് ചുമതല കൈമാറി കൃഷ്ണതേജ മടങ്ങും. തൃശൂരിൽ ഒട്ടനവധി പ്രവർത്തനങ്ങളും വിവിധ വിഷയങ്ങളിൽ ശക്തമായ ഇടപെടലും നടത്തിയിരുന്നു.
കുട്ടികളുടെ മാമൻ
കൊവിഡ് കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പഠനത്തിന് സഹായമേകിയ പ്രവർത്തനം ഏറെ പ്രധാനമായിരുന്നു. ആലപ്പുഴ, തൃശൂർ ജില്ലകളിലായി ആയിരത്തോളം പേർക്കാണ് പഠന സൗകര്യം ഒരുക്കിയത്. ഒരു വർഷവും മൂന്നു മാസവുമാണ് തൃശൂരിൽ കൃഷ്ണതേജ കളക്ടറായിരുന്നത്. ആലപ്പുഴയിൽ 'കുട്ടികളുടെ മാമൻ' എന്ന പേരും വീണു. കേരളകൗമുദിയിലെ വാർത്തയിൽ പരാമർശിച്ച വിളിപ്പേര് പിന്നീട് സമൂഹ മാദ്ധ്യമങ്ങളും ഏറ്റെടുത്തു. ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയായ കൃഷ്ണ തേജ 2015 ഐ.എ.എസ് ബാച്ചുകാരനാണ്. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ, ടൂറിസം വകുപ്പ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.