തൃശൂർ: തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാതയിൽ വൻകുഴികൾ കാരണം മുഖ്യമന്ത്രി യാത്ര ഒഴിവാക്കിയതിന് പിന്നാലെ വഴിമാറിപ്പാഞ്ഞ് സ്വകാര്യബസുകളും. കൈപ്പറമ്പിൽ നിന്ന് ചൂണ്ടൽ വരെയുള്ള റോഡ് മഴയിൽ വീണ്ടും തകർന്നതോടെയാണ് ചില ബസുകൾ കൈപ്പറമ്പിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ആളൂർ വഴി കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് കേച്ചേരിയിലെത്തുന്നത്.
കേച്ചേരിയിലേക്ക് വരാതെ ചൂണ്ടൽ സെന്ററിലെത്തുന്ന ബസുകളുമുണ്ട്. ചൂണ്ടൽപ്പാടത്ത് റോഡുകൾ പൂർണ്ണമായും തകർന്നതോടെയാണിത്. ഇതേത്തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷവും പതിവായി. സമയത്തിന് ഓടിയെത്താൻ ബസുകൾ മത്സരിക്കുമ്പോൾ അപകടം ഒഴിവാകുന്നത് തലനാരിഴയ്ക്കാണ്. ബസുടമകൾ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം പിൻവലിച്ചിരുന്നു. ഇരുചക്രവാഹനങ്ങളും സ്ഥിരമായി അപകടത്തിൽപെടുന്നുണ്ട്. റോഡിൽ കരിങ്കല്ല് ഇളകി കിടക്കുന്നതിനാൽ ജീവൻ പണയം വെച്ചാണ് യാത്രക്കാർ കടന്നുപോകുന്നത്. റോഡ് വികസനത്തിൽ പുരോഗതി ഉണ്ടാക്കാത്തതിനാൽ കരാറുകാരെ നീക്കിയിരുന്നു.
ആഗസ്തിൽ പണി പൂർത്തിയാക്കുമോ ?
വിശദമായ പദ്ധതി രേഖ പുതുക്കിയ ശേഷം ആഗസ്ത് ഒന്നിന് മുൻപ് പ്രവൃത്തി റീ ടെൻഡർ ചെയ്ത് 2025 ആഗസ്തിൽ പൂർത്തീകരിക്കുമെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പ്. അതുവരെ റോഡ് ഗതാഗതയോഗ്യമാക്കാൻ കെ.എസ്.ടി.പിക്ക് ചുമതല നൽകി. കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർ നോഡൽ ഓഫീസർ നവീകരണത്തിന് നേതൃത്വം നൽകുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ കോൺക്രീറ്റ് മിശ്രിതം തള്ളിയതല്ലാതെ ഒന്നും നടന്നില്ല. കനത്തമഴയിൽ അതെല്ലാം റോഡിൽ പരന്നു. റോഡിൽ വീണ്ടും വൻകുഴികളായി. മഴ മാറിയ സമയങ്ങളിൽ ടാറിംഗും നടന്നില്ല.
പാത നിർണായകം, പക്ഷേ...
ഗുരുവായൂരിലേക്കുള്ള ആയിരക്കണക്കിന് ഭക്തർ കടന്നുപോകുന്ന പ്രധാനപാത
തൃശൂരിനെ കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളുമായി ബന്ധിപ്പിക്കുന്ന പാത
അയൽസംസ്ഥാനങ്ങളിലേക്ക് പോകുന്നത് ട്രെയിലറുകൾ അടക്കമുള്ള വാഹനങ്ങൾ
തൃശൂർ മുതൽ കുന്നംകുളം വരെയുള്ള റോഡ് നാല് നിയോജകമണ്ഡലം പരിധിയിൽ
ഒമ്പത് വർഷമായിട്ടും ബസ് സ്റ്റാൻഡ് തുറന്നില്ല
കേച്ചേരിയിലെ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഒൻപത് വർഷം മുൻപ് കഴിഞ്ഞെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. കെട്ടിടത്തിന്റെ വരാന്തയിൽ കഴിഞ്ഞദിവസം കൂട്ടിയിട്ടത് ടൺ കണക്കിന് അജൈവ മാലിന്യങ്ങളായിരുന്നു. ഹരിത കർമ്മസേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കളാണ് കേച്ചേരിയിലെ ബസ് സ്റ്റാൻഡ് കെട്ടിടത്തിന് മുന്നിൽ കുന്നുകൂടിയത്. മാലിന്യച്ചാക്കുകൾ സമീപത്തെ പാടത്തേക്കും വീണുകിടക്കുന്ന നിലയിലായിരുന്നു.