വടക്കാഞ്ചേരി (തൃശൂർ): വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏറെക്കുറെ എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെയാണ് പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് വിളിക്കാത്ത നടപടി ജനം വിലയിരുത്തട്ടെ. തുറമുഖത്തിന്റെ നാൾവഴി പ്രസംഗിച്ചപ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം വിസ്മരിച്ചതിലൂടെ മുഖ്യമന്ത്രി തന്നെയാണ് ചെറുതായത്. വിഴിഞ്ഞം തുറമുഖം യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ്. കെ. കരുണാകരൻ സർക്കാരിൽ എം.വി. രാഘവൻ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് ഡിസൈനും എൻജിനിയറിംഗും പൂർത്തിയാക്കിയത്. പിന്നീടത് യാഥാർത്ഥ്യമാക്കാൻ നിശ്ചയദാർഢ്യത്തോടെ തീരുമാനമെടുത്തത് ഉമ്മൻ ചാണ്ടി സർക്കാരാണ്. പദ്ധതി ലക്ഷ്യത്തിലെത്തിയപ്പോൾ തുറമുഖത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണെന്നും സതീശൻ പറഞ്ഞു.