അന്തിക്കാട് : കണ്ടശാംകടവ് പാലത്തോട് ചേർന്ന് റോഡിന്റെ ഇരുവശങ്ങളിലുമായി നിൽക്കുന്ന വൻമരങ്ങൾ അപകട ഭീഷണിയാകുന്നു. ഒടിഞ്ഞു വീഴാനും കടപുഴകി വീഴാനും സാദ്ധ്യത ഉള്ളവയാണ് കാലപ്പഴക്കം ചെന്ന ഈ മരങ്ങൾ. മാസങ്ങൾക്കു മുൻപ് പൊതുമരാമത്ത് അധികൃതർ മരങ്ങളുടെ ഉണങ്ങിയ ചില്ലകൾ മുറിച്ചു നീക്കിയെങ്കിലും വലിയ കൊമ്പുകൾ വീണ്ടും ഉണങ്ങി തുടങ്ങിയിട്ടുണ്ട്. മഴയിൽ കുതിർന്ന ഇത്തരം ചില്ലകൾ ഒടിഞ്ഞുവീണ് വലിയ അപകടങ്ങൾ സംഭവിക്കുന്നതിനു മുമ്പേ അവ മുറിച്ചു മാറ്റി യാത്രക്കാരുടെ ആശങ്ക അകറ്റണമെന്നാണ് ആവശ്യം. പാലത്തോട് ചേർന്നു നിൽക്കുന്ന മരം വളർന്ന് മതിലിന്റെ കല്ലിളക്കി എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്. സമീപത്തെ സ്‌കൂളുകളിലേക്കുള്ള വിദ്യാർത്ഥികൾ വന്നുപോകുന്നതും ഇതിലൂടെയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഈ മരങ്ങൾ അധികാരികൾ ഇടപെട്ട് എത്രയും വേഗം മുറിച്ചു മാറ്റണമെന്ന് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ വർഗീസ് പി. ചാക്കോ, ജോയ്‌മോൻ പള്ളിക്കുന്നത്ത്, ടി.ഡി. ജോവി, പ്രവീൺജിത്ത്, ഇ.ജെ. ജയ്‌സൺ, ടി.ജെ. മെജോ എന്നിവർ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മരങ്ങൾ അധികാരികൾ ഇടപെട്ട് എത്രയും വേഗം മുറിച്ചു മാറ്റണം.
- മർച്ചന്റ് അസോസിയേഷൻ