അന്തിക്കാട് : റോഡിലെ വഴുക്കൽ മൂലം നടക്കാൻ പോലും കഴിയാതെ ദുരിതത്തിലായിരിക്കയാണ് നാട്ടുകാർ. മണലൂർ പഞ്ചായത്ത് ഓഫീസിന് സമീപം മഹാത്മ റോഡിലാണ് വഴുക്കൽ മൂലം നടക്കാൻ പോലും കഴിയാതെ നാട്ടുകാർ ദുരിതത്തിലായത്. വഴുക്കൽ മൂലം ഇരുചക്ര വാഹനയാത്രക്കാരും സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥികളും തെന്നി വീഴുന്നത് ഈ റോഡിലെ പതിവുകാഴ്ചയായിരിക്കയാണ്. കാന നിർമ്മിക്കാതെ റോഡ് മുഴുവൻ ടൈൽ വിരിച്ച് അശാസ്ത്രീയമായാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തന്മൂലം പ്രദേശത്തെ നിരവധി വീട്ടുകാരാണ് യാത്രാ സൗകര്യമില്ലാതെ ദുരിതത്തിലാകുന്നത്. റോഡുയർത്തി കാന നിർമ്മിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മഴ പെയ്താൽ പായൽ
റോഡിൽ വിരിച്ച ടൈലിന് അടിയിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ മഴ പെയ്താൽ പായൽ നിറഞ്ഞാണ് റോഡിൽ വഴുക്കലുണ്ടായത്. റോഡ് നിർമ്മാണ സമയത്തു തന്നെ ഈ അശാസ്ത്രീയത പഞ്ചായത്ത് മെമ്പറെയും കരാറുകാരനെയും ബോദ്ധ്യപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ അതെല്ലാം അവഗണിച്ച് ടൈൽ വിരിച്ച് റോഡ് നിർമ്മിച്ചതാണ് ഈ ദുസ്ഥിതിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.