അന്തിക്കാട്: മണലൂർ പൂവശ്ശേരി പാലത്തിന്റെ സംരക്ഷണഭിത്തി തകർന്ന് ഒരു ഭാഗം തോട്ടിലേക്ക് പതിച്ചു. പാലത്തോടനുബന്ധിച്ചുള്ള റോഡിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. മണലൂർ പഞ്ചായത്തിലെ 11, 18 എന്നീ വാർഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. സ്‌കൂൾ വിദ്യാർത്ഥികളടക്കം നിരവധിപേർ നിത്യേന സഞ്ചരിക്കുന്ന ഈ പാലത്തിലൂടെയാണ് സ്‌കൂൾ ബസ്സുകളും കടന്നു പോകുന്നത്. അപകടകരമായ രീതിയിൽ പാലം തകർന്നു നിൽക്കുന്നത് പുറമെ നിന്നു നോക്കിയാൽ കാണാൻ കഴിയാത്ത അവസ്ഥയിലാണ്. തകർന്ന പാലത്തിന്റെ അരികുകൾ അടിയന്തരമായി ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.