തൃശൂർ : കുട്ടികളുടെ മാമൻ എന്ന് പ്രസിദ്ധനായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനും തൃശൂർ കളക്ടറുമായ വി.ആർ.കൃഷ്ണതേജ ഇനി ആന്ധ്ര ഉപമുഖ്യമന്ത്രി പവൻകല്യാണിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി. മൂന്ന് വർഷത്തെ ഡെപ്യൂട്ടേഷനിൽ കൃഷ്ണതേജയെ ആന്ധ്ര കേഡറിലേക്ക് മാറ്റി കേന്ദ്രം ഉത്തരവിറക്കി.
ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയായ കൃഷ്ണതേജ 2015 ഐ.എ.എസ് ബാച്ചാണ്. പ്രളയത്തിലും കൊവിഡിലും തേജയുടെ സ്തുത്യർഹ സേവനങ്ങൾ കണക്കിലെടുത്ത് പവൻ കല്യാണിന്റെ ഓഫീസ് അദ്ദേഹത്തെ ആവശ്യപ്പെടുകയായിരുന്നു. പവൻ കല്യാണിന് ഗ്രാമവികസനം, പഞ്ചായത്തീരാജ് വകുപ്പുകളുടെ ചുമതലയാണ്.
ദേശീയപാത, കൂർക്കഞ്ചേരി - കൊടുങ്ങല്ലൂർ പാത, തൃശൂർ-കുറ്റിപ്പുറം പാത നിർമ്മാണത്തിലെ പ്രതിസന്ധി മാറ്റാൻ ഇടപെട്ട തേജ, തൃശൂർ പൂരം നടത്തിപ്പിലും മികവ് പ്രകടിപ്പിച്ചിരുന്നു. ആലപ്പുഴയിൽ സബ് കളക്ടറായിരിക്കെ പ്രളയകാലത്ത് ''ഐ ആം ഫോർ ആലപ്പി'' കൂട്ടായ്മ രൂപീകരിച്ച് കുട്ടനാടൻ ജനതയ്ക്കായും പ്രവർത്തിച്ചു.
അടുത്ത മന്ത്രിസഭായോഗം പുതിയ തൃശൂർ കളക്ടറെ പ്രഖ്യാപിച്ചേക്കും. തുടർന്ന് ചുമതല കൈമാറി തേജ മടങ്ങും.
മറക്കില്ലൊരിക്കലും കുട്ടികൾ
കൊവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പഠന സഹായത്തിന് സ്‌പോൺസർമാരെ കണ്ടെത്തുന്ന തേജയുടെ പദ്ധതി ശ്രദ്ധേയമായി. ആലപ്പുഴയിൽ മൂന്നൂറും തൃശൂരിൽ അറുന്നൂറും പേർക്കാണ് സഹായമെത്തിച്ചത്. ആലപ്പുഴയിലെ ഒരു വിദ്യാർത്ഥിനിക്ക് സൂപ്പർതാരം അല്ലു അർജ്ജുൻ വഴി നാല് വർഷത്തെ പഠനച്ചെലവാണ് എത്തിച്ചത്. നിരവധി പേർക്ക് ചികിത്സാസഹായവും നൽകി.
കുട്ടികളുടെ മാമൻ
ആലപ്പുഴ കളക്ടറായിരിക്കെയാണ് കുട്ടികളുടെ മാമൻ എന്ന പേര് വീണത്. കേരളകൗമുദിയിലെ ഒരു വാർത്തയിലാണ് ' കുട്ടികളുടെ മാമൻ' എന്ന തലക്കെട്ട് നൽകിയത്. ഇത് വൈറലായി. പരിപാടികളിൽ തന്റെ വിദ്യാഭ്യാസവും ദുരിതവുമെല്ലാം വിശദീകരിച്ചതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
ചുരുങ്ങിയ കാലമേ കേരളത്തിൽ പ്രവർത്തിച്ചുള്ളൂവെങ്കിലും സംതൃപ്തിയോടെയാണ് വിട പറയുന്നത്.
വി.ആർ.കൃഷ്ണ തേജ.
കീം പരീക്ഷ :സ്റ്റേറ്റ് സിലബസ്
കുട്ടികൾ പിന്നിലായെന്ന്
തിരുവനന്തപുരം: കീം പരീക്ഷയിൽ സ്റ്റേറ്റ് സിലബസ് പഠിച്ച കുട്ടികൾ പിന്നാക്കം പോയതായി ആക്ഷേപം. പ്ലസ്ടു ബോർഡ് പരീക്ഷയുടെ മാർക്ക് ക്രമീകരിച്ചതിലെ (സ്റ്റാൻഡേർഡൈസേഷൻ) അപാകതയാണ് കാരണം.
സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി പരീക്ഷകളുടെ നിലവാരം വ്യത്യാസമുള്ളതിനാലാണ് മാർക്ക് ക്രമീകരണം. ക്രമീകരണത്തിൽ സ്റ്റേറ്റ് സിലബസ് കുട്ടികളുടെ 27 മാർക്ക് വരെ കുറഞ്ഞതായി അദ്ധ്യാപകരും പറയുന്നു.
മൊത്തം 600 മാർക്കിലാണ് എൻട്രൻസ് റാങ്ക് നിശ്ചയിക്കുന്നത് - എൻട്രൻസിനും പ്ലസ്ടുവിനും 300 വീതം. സ്റ്റേറ്റ് സിലബസിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ഫുൾ മാർക്ക് വാങ്ങിയ കുട്ടിക്ക് കിട്ടാവുന്ന പരമാവധി കീം വെയ്റ്റേജ് മാർക്ക് 300 ആണ്. ഈ മാർക്ക് 273.7 ആയി വെട്ടിക്കുറച്ചതായി അദ്ധ്യാപകർ പറയുന്നു. സി.ബി.എസ്.ഇ കുട്ടികൾക്ക് എട്ടു മാർക്ക് കൂട്ടിയതായും സൂചനയുണ്ട്. ഇത് രണ്ടും ചേർത്താൽ 35 മാർക്കിന്റെ വ്യത്യാസമുണ്ട്. ഈ വ്യത്യാസം കാരണം റാങ്ക് 5000 വരെ താഴോട്ട് പോകാം. ഇഷ്ടപ്പെട്ട കോളേജിൽ നല്ല കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം ഇതോടെ നിഷേധിക്കപ്പെടുമെന്നും വിദ്യാർത്ഥികൾ പറയുന്നു.