തൃശൂർ : തിരക്കുള്ള റോഡിൽ വഴി മാറി കൊടുത്തില്ല, സ്വകാര്യ ബസ് ഡ്രൈവർ യാത്രക്കാരുമായി പോകുന്ന കാറിലിടിച്ച് പകരം വീട്ടി. ഇന്നലെ രാവിലെ പതിനൊന്നോടെ വിയ്യൂർ പാലത്തിനടുത്തായിരുന്നു സംഭവം. വടക്കാഞ്ചേരി-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന കാളീശ്വരിയെന്ന ബസിന്റെ ഡ്രൈവറാണ് തിരക്കുള്ള റോഡിൽ സൈഡ് കൊടുക്കാത്തതിലുള്ള വൈരാഗ്യത്തിൽ ബസിന്റെ പിറക് ഭാഗം കാറിലിടിപ്പിച്ചത്.
യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കാറിന് കേടുപാടുണ്ടായി. തിരൂർ മുതൽ നീട്ടി ഹോണടിച്ച് മറ്റ് വാഹനങ്ങളെ മറി കടന്ന് വന്നിരുന്ന ബസ് വിയ്യൂർ സെന്ററെത്തുന്നതിന് മുമ്പുള്ള വളവിൽ വച്ചാണ് കാറിനെ മറി കടന്ന് പിറക് ഭാഗം ഇടിപ്പിച്ചത്. നിറയെ യാത്രക്കാരുമായി വന്നിരുന്ന ബസാണിത്. കാറുടമ വിയ്യൂർ പൊലീസിൽ പരാതി നൽകി.