വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരിയുടെ വികസന മുന്നേറ്റത്തിലേക്ക് പ്രഖ്യാപിച്ച വടക്കാഞ്ചേരി ബൈപാസ് ഇന്നും കടലാസിലുറങ്ങുന്നു. ബൈപാസ് യാഥാർഥ്യമായാൽ വടക്കാഞ്ചേരി നഗരഹൃദയത്തിലെ അതിരൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമാകും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബിയിൽനിന്ന് 20 കോടി രൂപ വകയിരുത്തിയാണ് വടക്കാഞ്ചേരി ബൈപാസ് യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. മുൻ എം.എൽ.എ അനിൽ അക്കര ബൈപാസിന് വേണ്ടി അലൈമെന്റ് തയ്യാറാക്കിയിരുന്നു. പിന്നീട് തുടർ പ്രവർത്തനങ്ങൾ നടന്നില്ല. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ യുടെ ഇടപെടലിനെ തുടർന്ന് പദ്ധതികൾക്ക് വേഗം കൈവന്നിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. അഡീഷ്ണൽ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി ഫൈനൽ അലൈൻമെന്റുമായി മുന്നോട്ടു പോകുന്നതിന് എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കുകയും നിർദ്ദിഷ്ട പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തിതിരുന്നു.
ഡിസൈൻ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഡി.പി.ആർ തയ്യാറാക്കി നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒരു പാലവും റെയിൽവെ ഓവർബ്രിഡ്ജും ഉൾപ്പെടുന്നതാണ് അലൈൻമെന്റ്. ഡിസൈൻ വിങുമായി ബന്ധപ്പെട്ട ജോലികൾ വേഗം പൂർത്തീകരിച്ച് ഡിസൈന് അന്തിമരൂപം നൽകുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ സ്ഥലം സന്ദർശിക്കുന്നതിന് ഡിസൈൻ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ എത്തിക്കാനോ റെയിൽവേയുമായി ബന്ധപ്പെട്ട അനുമതികൾ നേടിയെടുക്കുനോ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോൾ ഭാരവാഹനങ്ങടക്കം കടന്ന് പോകുന്നത് പട്ടണ ഹൃദയത്തിലൂടെയാണ്. ഇവയെ വഴി തിരിച്ച് വിടാനായാൽ അത് വടക്കാഞ്ചേരിക്ക് പുതിയൊരു ഗതാഗത സംസ്‌കാരം സമ്മാനിക്കും.

ബൈപാസ് അലൈൻമെന്റ്

പീച്ചി-വാഴാനി കോറിഡോർ
യാഥാർഥ്യത്തിലേക്ക്

വടക്കാഞ്ചേരി നിയോജക മണ്ഡലം ഉൾപ്പെടുന്ന പീച്ചി-വാഴാനി ടൂറിസം കോറിഡോർ യാഥാർഥ്യത്തിലേക്ക്. നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്. ഒല്ലൂർ നിയോജക മണ്ഡലത്തിലെ മാടക്കത്തറ പഞ്ചായത്ത് പൊങ്ങണംകാട് മുതൽ വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ കരുമത്ര ബസ് സ്റ്റോപ്പ് വരെയുള്ള ഒന്നാംഘട്ട നിർമ്മാണം പ്രവർത്തനം ആരംഭിച്ചു. 11.5 കിലോമീറ്റർ ദൂരം 40 കോടിരൂപ കിഫ്ബി നിർദ്ദേശാനുസരണമുള്ള നിലാവരത്തിലാണ് റോഡ് നിർമ്മാണം. ഇതിൽ 7.5 കിലോമീറ്റർ ദൂരം വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലും ബാക്കി ദൂരം ഒല്ലൂർ നിയോജകമണ്ഡലത്തിലൂടെയുമാണ് കടന്നുപോകുന്നത്.