കുന്നംകുളം: രണ്ടാഴ്ച്ച മുമ്പ് കുഴികളടച്ച തൃശൂർ-കുന്നംകുളം റോഡ് വീണ്ടും തകർന്ന് തരിപ്പണമായി. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാര സംഘടനകളുടെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നായിരുന്നു 29 ലക്ഷം രൂപ ചെലവിൽ റോഡിലെ കുഴികൾ താത്കാലികമായി അടച്ചത്. എന്നാൽ റോഡിൽ മണ്ണും കല്ലുമിട്ട് കുഴികൾ അടച്ചെങ്കിലും തൊട്ടടുത്ത ദിവസങ്ങളിലായി പെയ്ത മഴയിൽ ഇവയെല്ലാം ഒലിച്ചുപോയി കുഴികൾ പഴയ സ്ഥിതിയിലായി.
ഈ റോഡിൽ വർഷങ്ങളായി അശാസ്ത്രീയ രീതിയിലുള്ള കുഴിയടയ്ക്കൽ മാത്രമാണ് നടക്കുന്നത്. കുന്നംകുളം മുതൽ കൈപ്പറമ്പ് വരെയുള്ള പത്ത് കിലോ മീറ്റർ റോഡ് പൂർണമായും തകർന്ന അവസ്ഥയാണ്. കുഴിയിൽ വെള്ളംകെട്ടിനിന്ന് റോഡും കുഴിയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി അപകടങ്ങളാണ് ഈ പ്രദേശത്ത് സംഭവിക്കുന്നത്. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. സംഭവത്തിൽ പ്രതിഷേധങ്ങൾ ശക്തമായിട്ടും റോഡിന്റെ ശോചനീയാവസ്ഥ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
മരണപ്പാച്ചിലിൽ ബസുകൾ
റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കും രൂക്ഷമായതോടെ സ്വകാര്യബസുകൾ ചീറിപായുകയാണെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും ബസിനു മുൻപിലുള്ള സ്‌കൂട്ടർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങളെ കണ്ടില്ലെന്ന് നടിച്ച് ബസുകൾ പായുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. തകർന്ന റോഡിലൂടെയുള്ള സ്വകാര്യബുകളുടെ അലക്ഷ്യമായ യാത്ര ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മാർഗ തടസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുന്നംകുളത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് രോഗിയുമായി പോയ ആംബുലൻസ് ദിശ തെറ്റിച്ചെത്തിയ ബസിനു മുൻപിൽ ഏറെനേരം രോഗിയുമായി കുടുങ്ങി. സംഭവത്തിൽ റോഡ് സഞ്ചാരിയോഗ്യമാക്കി അലക്ഷ്യമായി ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.