പുതുക്കാട്: റോഡ് നവീകരണത്തിന് ആവശ്യമായ ഭൂമി ലഭ്യമാക്കി നിർമ്മാണ നടപടികൾ വേഗത്തിൽ ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.കെ.രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. കിഫ്ബി ഫണ്ടിൽ നിന്നും 59.2 കോടി രൂപ ഉപയോഗിച്ച് നവീകരിക്കുന്ന പുതുക്കാട് മുപ്ലിയം-ഇഞ്ചക്കുണ്ട് -കോടാലി റോഡിലെ നിർമ്മാണ തടസങ്ങൾ മാറ്റുന്നതിന്റെ ഭാഗമായി എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലംസന്ദർശനവും അവലോകനയോഗവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുക്കിയ കിഫ്ബി മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സ്ഥലം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിനായി പുതുക്കാട്,വരന്തരപ്പിള്ളി,മറ്റത്തൂർ പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ച് ആവശ്യമായ പ്രവർത്തനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്,കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്, പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.എം ബാബുരാജ്,അജിത സുധാകരൻ ,അശ്വതി വിബി എന്നിവരും, അഡ്വ.അൽജോ പുളിക്കൻ, ടി.കെ അസ്സൈൻ,സതി സുധീർ,ഷിബു കൃഷ്ണരാജ് , സൈനബ, ലയ ഒ പ്രകാശ് എന്നിവർ പങ്കെടുത്തു. 16ന് മറ്റത്തൂർ പഞ്ചായത്ത് തല കമ്മിറ്റി യോഗം കോടാലി ഗവണ്മെന്റ് എൽ.പി സ്‌കൂളിൽ രാവിലെ 9.30 നും, വരന്തരപ്പിള്ളി പഞ്ചായത്ത് തല കമ്മിറ്റി യോഗം രാവിലെ 10.30 ന് മുപ്ലിയം ഗവണ്മെന്റ് ഹൈസ്‌കൂളിൽ വെച്ചും, പുതുക്കാട് പഞ്ചായത്ത് തല യോഗം രാവിലെ 11.30 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ചും ചേരും.