hipnotism

കൊടുങ്ങല്ലൂർ : ഹിപ്‌നോട്ടിസം നടത്തി വിദ്യാർത്ഥികൾ ആശുപത്രിയിലായ സംഭവത്തെ തുടർന്ന് പുല്ലൂറ്റ് ഗവ. വി.കെ.രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളെ വിളിപ്പിച്ച് സ്‌കൂൾ അധികൃതർ. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിച്ചേരണമെന്നാണ് ആവശ്യം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇടവേളയ്ക്കിടെയാണ് ഹിപ്‌നോട്ടിസം നടത്തി നാല് കുട്ടികൾ ബോധമറ്റു വീണത്. ഇതുകണ്ട് മറ്റ് കുട്ടികൾ ടീച്ചേഴ്‌സ് റൂമിൽ വിശ്രമിക്കുകയായിരുന്ന അദ്ധ്യാപികമാരോട് വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് ഓർമ്മയില്ലാതെ വീണുകിടന്ന കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. കുട്ടികളെ ഇതിനായി പ്രേരിപ്പിച്ചതാരാണെന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്. കുറ്റക്കാരെ കണ്ടെത്തിയാൽ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സൈക്കോളജിസ്റ്റിനെ പങ്കെടുപ്പിച്ച് സ്‌കൂളിൽ ബോധവത്കരണവും അടുത്തദിവസം അധികൃതർ സംഘടിപ്പിക്കും.