vargese

തൃശൂർ : മേയർ പങ്കെടുത്ത കോർപ്പറേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണത്തിൽ നിന്ന് എം.എൽ.എയും എൽ.ഡി.എഫിലെ ഘടകക്ഷികളിലെ ഭൂരിഭാഗം പേരും വിട്ടു നിന്നു. മേയർ രാജി വയ്ക്കണമെന്ന ആവശ്യവുമായി സി.പി.ഐ രംഗത്തെത്തിയതിന് പിന്നാലെയാണ് മറ്റ് ഘടകകക്ഷികൾ മേയറുടെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും രംഗത്തെത്തിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് ബഹിഷ്‌കരണം.
സി.പി.ഐക്ക് പുറമേ ജനതാദൾ (എസ്) പ്രതിനിധി ഷീബ ബാബു, കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ കരോളിൻ പെരിഞ്ചേരി, സ്വതന്ത്ര അംഗം സി.പി.പോളി അടക്കം എൽ.ഡി.എഫിലെ ഘടക കക്ഷി പ്രതിനിധികൾ ആരും തന്നെ പങ്കെടുത്തില്ല. അതേസമയം കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്തു.
മേയറുടെ കാര്യത്തിൽ തീരുമാനമാകാതെ കോർപ്പറേഷൻ കൗൺസിലിൽ അടക്കം പങ്കെടുക്കേണ്ടായെന്ന കടുത്ത തീരുമാനത്തിലാണ് സി.പി.ഐ. സ്ഥലം എം.എൽ.എ പി.ബാലചന്ദ്രൻ മുഖ്യാതിഥിയായിരുന്നെങ്കിലും യോഗത്തിനെത്തിയില്ല. സി.പി.ഐ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാറാമ്മ റോബ്‌സൺ, കെ.സതീഷ് ചന്ദ്രൻ, ബീന മുരളി ഉൾപ്പടെയുള്ളവരും പങ്കെടുത്തില്ല. പൊതുപരിപാടിയിലെ ബഹിഷ്‌കരണം കൂടിയായതോടെ ഭരണം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഒന്നര മാസമായി കൗൺസിൽ യോഗം പോലും ചേരാൻ സാധിക്കാത്ത വിധം ഗുരുതരമായ പ്രതിസന്ധിയിലാണ് എൽ.ഡി.എഫ് നേതൃത്വം നൽകുന്ന കോർപ്പറേഷൻ ഭരണം.

തുടരട്ടെയെന്ന് ജില്ലാ സെക്രട്ടേറിയറ്റ് ?

നിലവിൽ മേയറെ മാറ്റേണ്ടതില്ലെന്ന് ഇന്നലെ ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിച്ചതായി സൂചന. സി.പി.ഐ നിലപാട് എൽ.ഡി.എഫ് യോഗത്തിലാണ് അവതരിപ്പിക്കേണ്ടത്. അപ്പോൾ വിഷയം ചർച്ച ചെയ്താൽ മതിയെന്നാണ് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടത്. സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് കേന്ദ്രകമ്മിറ്റിയംഗം കെ.രാധാകൃഷ്ണൻ എം.പി യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞദിവസം സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസുമായി സി.പി.എം സംസ്ഥാന നേതൃത്വം വിഷയം സംസാരിച്ചതായി സൂചനയുണ്ട്. അതേസമയം ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

പരിപാടിയിൽ എല്ലാവരുമെത്താമെന്നാണ് പറഞ്ഞിരുന്നത്. അവർക്ക് എന്തെങ്കിലും അസുഖമുണ്ടോയെന്ന് അറിയില്ല. എന്തുകൊണ്ട് എത്തിയില്ലായെന്ന് അറിയില്ല.

എം.കെ.വർഗീസ്
മേയർ.

വിദ്യാഭ്യാസ അവാർഡ് വിതരണം

കോർപറേഷൻ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു. മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എം.എൽ.റോസി അദ്ധ്യക്ഷത വഹിച്ചു. ജയപ്രകാശ് പൂവത്തിങ്കൽ, വർഗീസ് കണ്ടംകുളത്തി, ശ്യാമള മുരളീധരൻ, പി.കെ.ഷാജൻ, റെജി ജോയ്, സിന്ധു ആന്റോ, മുകേഷ് കൂളപറമ്പിൽ, രാഹുൽ നാഥ് എന്നിവർ പങ്കെടുത്തു.