elephant

തൃശൂർ: രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിൽ 16ന് നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കം പൂർത്തിയായി. രാവിലെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാ ഗണപതി ഹോമം ആരംഭിക്കും. ഗണപതി ഹോമക്കൂട്ടിന് 12,008 നാളികേരം, 2,000 കിലോ ശർക്കര, 2,000 കിലോ അവിൽ, 500 കിലോ മലർ, 60 കിലോ എള്ള്, 50 കിലോ തേൻ, ഗണപതി നാരങ്ങ, കരിമ്പ് തുടങ്ങിയവ ഉപയോഗിക്കും.

6.45ന് ദീപാരാധന നടക്കും. ഒമ്പതരയോടെ ആനയൂട്ട് ആരംഭിക്കും. ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി ആനയൂട്ട് ഉദ്ഘാടനം ചെയ്യും. ആനയൂട്ടിന് 500 കിലോ അരിയുടെ ചോറ്, ശർക്കര, മഞ്ഞൾപൊടി എന്നിവ ചേർത്ത് ഉരുളകളാക്കും. പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം തുടങ്ങി എട്ടോളം പഴ വർഗ്ഗങ്ങൾ കൂടി നൽകും. ദഹനത്തിന് പ്രത്യേക ഔഷധക്കൂട്ടും നൽകും. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം വഴി ആനകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. വെറ്ററിനറി ഡോക്ടർമാർ, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് എന്നിവരുടെ പരിശോധന കഴിഞ്ഞ് ആനകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.

എഴുപതോളം ആനകൾ

എഴുപതോളം ആനകൾ ഊട്ടിൽ പങ്കെടുത്തേക്കും. മദപ്പാടുള്ളതും ശാന്തപ്രകൃതി അല്ലാത്തതുമായ ആനകളെ ഒഴിവാക്കി. ഊട്ടിന് ശേഷം ആനകൾ കിഴക്കേഗോപുരം വഴി പുറത്തേക്ക് പോകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആനകൾ ഊട്ടിനെത്തും. ഗുരുവായൂർ ദേവസ്വത്തിൽ നിന്നും പത്തോളം ആനകൾ പങ്കെടുക്കും. ആനകളെയും ഭക്തരെയും വേർതിരിക്കാൻ പ്രത്യേക ബാരിക്കേഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തർക്ക് ആനകൾക്ക് ഊട്ട് നൽകാനും കഴിയും.

ഭക്തർക്ക് റാമ്പ്

ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ പടിഞ്ഞാറെ ഗോപുരത്തിന് സമീപം റാമ്പ് സൗകര്യം ഒരുക്കി. ആനയൂട്ട് ഒരു കോടിക്ക് ഇൻഷ്വർ ചെയ്തിട്ടുണ്ട്. രാവിലെ പത്ത് മുതൽ പതിനായിരം പേർക്ക് അന്നദാനവും ഒരുക്കി. വൈകിട്ട് നിറമാല, ചുറ്റുവിളക്ക് എന്നിവയും കൂത്തമ്പലത്തിൽ വിശേഷാൽ ഭഗവതിസേവയും വൈകീട്ട് ഉണ്ടാകും. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെയാണ് ചടങ്ങ്.