മാള : കുണ്ടൂരിനെ നടുക്കിയ കുണ്ടൂർ പുഴയിലെ വഞ്ചി അപകടം നടന്നിട്ട് 44 വർഷം. അന്ന് തുടങ്ങിയ ശക്തമായ ആവശ്യമാണ് കുണ്ടൂർ കുത്തിയതോട് പാലം നിർമ്മിക്കണമെന്നത്. മാറി മാറി വന്ന സർക്കാരുകൾ വാഗ്ദാനങ്ങൾ പലതും നൽകിയെങ്കിലും പാലം മാത്രം വന്നില്ല. അന്നത്തെ ദുരന്തത്തിന്റെ ഭയപ്പെടുത്തുന്ന ഓർമ്മകൾ ഇന്നും നിലനിൽക്കുന്നു. 44 വർഷം കഴിഞ്ഞിട്ടും പാലത്തിനുള്ള മുറവിളി തുടരുകയാണ്.സമീപ പ്രദേശങ്ങളിൽ നിരവധി പാലങ്ങൾ നിർമ്മിച്ചിട്ടും കുണ്ടൂരിൽ മാത്രം പാലം വന്നില്ല.
1980 ജൂലായ് 14ന് നടന്ന അപകടത്തിൽ നാലുപേരാണ് മുങ്ങിമരിച്ചത്. തൃപ്പൂണിത്തുറ എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ തിരുമുക്കുളം സ്വദേശി തോട്ടപ്പിള്ളി ദേവസി വർഗീസ്, കുഴൂർ സ്വദേശി ചെറുകിട കച്ചവടക്കാരനായ കളപ്പറമ്പത്ത് ചുമ്മാർ, ഹോമിയോ ഡോക്ടറും കുഴൂർ സ്വദേശിയുമായ വിപ്പാട്ടുവാര്യം രാജശേഖരൻ, പൂപ്പത്തി സ്വദേശിയും ആലുവ യു.സി കോളേജ് വിദ്യാർത്ഥിയുമായ ആറാശേരി ദിനേശൻ എന്നിവരുമാണ് അന്ന് മരിച്ചത്. ഹോമിയോ ഡോക്ടർ രാജശേഖരന്റെ മൃതദേഹം പോലും കിട്ടിയില്ല. നാലു പേരെ രക്ഷപ്പെടുത്തിയ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനും, നീന്തൽ വിദഗ്ദ്ധനുമായ തിരുമുക്കുളം സ്വദേശി വർഗീസ് മരണത്തിന് കീഴടങ്ങിയത്. അന്ന് വർഗീസിന്റെ കരങ്ങളാൽ രക്ഷപ്പെട്ടവർ പറഞ്ഞിട്ടുണ്ട്. കുണ്ടൂരിലെ കടത്തുകടവ് അന്ന് പൊതുമരാമത്ത് ലേലം ചെയ്തു കൊടുക്കുകയായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹം കിട്ടിയത്.
കടത്തുവഞ്ചി എത്തുന്നത് കുത്തിയതോട്
കുണ്ടൂരിൽ നിന്നുള്ള കടത്തുവഞ്ചിയെത്തുന്നത് എറണാകുളം ജില്ലയിലെ കുന്നുകര പഞ്ചായത്തിലെ കുത്തിയതോടാണ്. അവിടെ നിന്നാണ് ആലുവ, എറണാകുളം, അങ്കമാലി എന്നീ പ്രദേശങ്ങളിലേക്ക് ജനങ്ങൾ യാത്ര ചെയ്യുന്നത്. അതുപോലെ കുത്തിയതോട് ഭാഗത്ത് നിന്നുള്ളവർ തൃശൂർ, ചാലക്കുടി, ഇരിങ്ങാലക്കുട എന്നീ പ്രദേശങ്ങളിലേക്ക് പോകാൻ ഈ കടത്തുവഞ്ചിയെയാണ് ആശ്രയിക്കുന്നത്. ഒറ്റപ്പെട്ടു കിടക്കുന്ന കുണ്ടൂരിനെ ഭരണാധികാരികൾ അവഗണിക്കുകയാണെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
കുണ്ടൂർ കുത്തിയതോട് പാലം യാഥാർത്ഥ്യമാക്കാനും കുണ്ടൂരിനോടുള്ള അവഗണനയ്ക്കുമെതിരായി പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കും.
എം.എ.ജോജോ
മുൻ മെമ്പർ
മാള ബ്ലോക്ക് പഞ്ചായത്ത്.