കുഴിക്കാട്ടുശ്ശേരി : സാഹിതീ ഗ്രാമികയുടെ ആഭിമുഖ്യത്തിൽ നവോത്ഥാന പ്രഭാഷണങ്ങളും നാടകാവതരണവും നടന്നു. ഗ്രാമികയിൽ നടന്ന പരിപാടിയിൽ 'നവോത്ഥാനത്തിന്റെ യുക്തിയും വിപര്യയവും' എന്ന വിഷയത്തിൽ സാഹിത്യ അക്കാഡമി മുൻ പബ്ലിക്കേഷൻ ഓഫീസറും എഴുത്തുകാരനുമായ ഇ.ഡി.ഡേവിസ് പ്രഭാഷണം നടത്തി. 'ഇരിക്കപ്പിണ്ഡം ഒരു നാടക വിചാരം' എന്ന വിഷയത്തിൽ നിരൂപകനും തിരക്കഥാകൃത്തുമായ ഡോ.വത്സലൻ വാതുശ്ശേരിയും പ്രഭാഷണം നടത്തി. കവി പി.ബി.ഹൃഷികേശൻ അദ്ധ്യക്ഷനായി. രമ രാഘവൻ,
അനീഷ് ഹാറൂൺ റഷീദ്, കരീം കെ.പുറം, എം.എ.ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് സാമൂഹിക പരിഷ്‌കർത്താവും സ്വാതന്ത്ര്യ സമര ഭടനുമായ വി.ടി.ഭട്ടതിരിപ്പാടിന്റെ ജീവിതം ആവിഷ്‌കരിക്കുന്ന 'കരിവീട്ടി' എന്ന ഒറ്റയാൾ നാടകം പി.ഡി.പൗലോസ് അവതരിപ്പിച്ചു.