കൊടുങ്ങല്ലൂർ : തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീട്ടിലേക്കുള്ള വഴി ബന്ധുക്കൾ അടച്ചുകെട്ടിയതായി പരാതി. മതിലകം പഞ്ചായത്ത് 12-ാം വാർഡിൽ തനിച്ച് താമസിക്കുന്ന എറാട്ട് കുഞ്ഞക്കൻ ആചാരി മകൾ ശാരദയുടെ (83) വീട്ടിലേക്കുള്ള വഴിയാണ് ഇവരുടെ സഹോദരന്റെ ഭാര്യയും മകനും ചേർന്ന് അടച്ചുകെട്ടിയത്. സഹോദരന്റെ കുടുംബവും ശാരദയും നേരത്തെ മറ്റൊരാളുടെ പറമ്പിലൂടെയാണ് നടന്നു പോയിരുന്നത്. ഇയാൾ പിന്നീട് നൽകിയ മൂന്നടി നടവഴിയാണ് ബന്ധുക്കൾ അടച്ചുകെട്ടിയത്. വഴി അടച്ചതോടെ ശാരദയുടെ വീട്ടിലേക്ക് പോസ്റ്റുമാനോ പെൻഷൻ കൊണ്ടുവരുന്നവർക്കോ വരാൻ പറ്റാത്ത സ്ഥിതിയായി. മരുന്ന് വാങ്ങാനും റേഷൻ കടയിൽ പോകാനും വളരെ ആഴമുള്ള തോട്ടിൽ കൂടിയും കുളത്തിന്റെ കരയിലൂടെയും വേണം സഞ്ചരിക്കാൻ. അടച്ചുകെട്ടിയ വഴി തുറന്നു തരാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശാരദ കൊടുങ്ങല്ലൂർ തഹസിൽദാർ, ഇരിങ്ങാലക്കുട ആർ.ടി.ഒ, കയ്പമംഗലം എൽ.എൽ.എ, മതിലകം പഞ്ചായത്ത് എന്നിവർക്ക് പരാതി നൽകി.