ആറ്റത്ര: മുട്ടിക്കൽ പാലം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തി വർഷങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞനോക്കാതെ അധികൃതർ. പാലത്തിന്റെ സംരക്ഷണഭിത്തികളും കൈവരികളും പൂർണമായി തകർന്നു. 13 വർഷം മുമ്പ് അധികൃതർ പാലം പരിശോധിച്ച് അപകടാവസ്ഥയിലാണെന്നും ഇതുവഴി ഗതാഗതം നിരോധിച്ചതായും അറിയിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ ബോർഡ് നശിച്ചതല്ലാതെ ഗതാഗതം നിയന്ത്രിക്കാൻ അധികൃതർക്ക് കഴഞ്ഞില്ല. കുണ്ടന്നൂർ,വരവൂർ, ആറ്റത്ര, കോട്ടപ്പുറം, ഭാഗത്തുനിന്നും മെഡിക്കൽ കോളേജിലേക്കുള്ള എളുപ്പവഴിയാണിത്. നിരവധി ചെറു വാഹനങ്ങളും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരും ഈ പാലത്തിലൂടെ കടന്നു പോകുന്നുണ്ട്. ഫണ്ട് പ്രഖ്യാപിച്ചിട്ടും നിർമ്മാണം നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മുട്ടിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും പദ്ധതി നീളുന്നതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഫണ്ട് അനുവദിച്ച് മൂന്നുവർഷം പിന്നിട്ടെങ്കിലും നിർമ്മാണം എങ്ങുമെത്തിയില്ല. പാലത്തിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്നലെ ബി.ജെ.പി എരുമപ്പെട്ടി മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കുട്ടഞ്ചേരിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വടക്കാഞ്ചേരി പുഴയിലെ പ്രധാന ചിറയായ മുട്ടിക്കൽ ചിറ എരുമപ്പെട്ടി പഞ്ചായത്തിലെ ആറ്റത്ര, കോട്ടപ്പുറം, മങ്ങാട്, നെല്ലുവായ് , ഭാഗങ്ങളിലേക്കുള്ള ജലസേചനത്തിനുള്ള പ്രധാന ഉപാധിയാണ്. വാഴാനി പുഴയുടെ പ്രധാന ചിറയാണിത്. മുട്ടക്കൽ ചിറയുടെ പുനരുദ്ധാരണം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് 2019ൽ മണ്ണ് പരിശോധനയും ജലനിരപ്പ് പരിശോധിക്കുകയും നടത്തിയിരുന്നു. എന്നാൽ നിർമ്മാണം എങ്ങുമെത്തിയില്ല.