ചെന്ത്രാപ്പിന്നി : ചാമക്കാലയിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകൾ മാത്രം നീണ്ടു നിന്ന ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടിവീണിട്ടുണ്ട്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. എടവഴിപ്പുറത്ത് വീട്ടിൽ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലാണ് മരം വീണത്. തൊട്ടടുത്ത പള്ളത്ത് വീട്ടിൽ വിജയന്റെ ഓട് മേഞ്ഞ വീടിന് മുകളിലും അയിനി മരം വീണ് ഭാഗികമായി തകർന്നു. പനയ്ക്കൽ ബാലകൃഷ്ണന്റെ മകൻ ഗിരിനാഥിന്റെ കാറിന് മുകളിൽ മരം വീണെങ്കിലും കേടുപാടുകൾ സംഭവിച്ചില്ല. വീടിന് മുന്നിൽ വച്ചിരുന്ന വാട്ടർ ടാങ്ക് തകർന്നിട്ടുണ്ട്. പ്ലാവ് വീണ് പുറക്കുളം നാസറിന്റെ വീട്ടുപറമ്പിലെ ഷീറ്റ് മേഞ്ഞ ഷെഡും ഇലഞ്ഞിമരം ഒടിഞ്ഞ് വീണ് കാളത്തേടത്ത് ഗോപിയുടെ ആട്ടിൻകൂടിനും കേടുപാടുകൾ സംഭവിച്ചു. പലയിടത്തും മരങ്ങൾ വീണ് കിടക്കുന്ന നിലയിലാണ്.