accident

ചാലക്കുടി: വി.ആർ. പുരത്ത് ശക്തമായ മഴയിലും കാറ്റിലും യാത്രക്കാർ ഇരിക്കുന്ന ഓട്ടോ ടാക്‌സിയുടെ മുകളിലേക്ക് മരവും ഇലക്ട്രിക് ലൈനും വീണു. വൻഅപകടം ഒഴിവായത് തലനാരിഴയ്ക്ക്. മരച്ചില്ലകൾക്കിടയിലൂടെ പുറത്തിറങ്ങുന്നതിനിടയിൽ ഷോക്കേൽക്കാതിരുന്നത് അദ്ഭുതമായി.

വി.ആർ പുരം സ്വദേശികളായ തോട്ട്യാൻ മൈക്കിൾ-എൽസി ദമ്പതികളെ വീടിന് മുന്നിൽ ഇറക്കാനായി, വാതിൽക്കൽ നിറുത്തിയ ഉടനെയാണ് മരം ഇലക്ട്രിക് ലൈനടക്കം മുകളിൽ വീണത്. ഓട്ടോയ്ക്ക് മുകളിലും ഗേറ്റിലും വീടിന്റെ സൺഷേഡിലും മരം തങ്ങി നിന്നത് മൂലം ഗേറ്റ് തുറക്കാനോ വണ്ടി നീക്കാനോ കഴിയാതെ വന്നു. ഇലക്ട്രിക് കമ്പികളും മരത്തോടൊപ്പം താഴേക്ക് വന്നിരുന്നെങ്കിലും ലൈൻ ഓഫായിരുന്നില്ല. ഏറെ പ്രയാസപ്പെട്ടാണ് ഗേറ്റ് അൽപ്പം തള്ളിത്തുറന്ന് വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ അകത്തുകടന്നത്. ഡ്രൈവർ വി.ആർ.പുരം സ്വദേശി അനിലനും പുറത്ത് കടക്കാൻ ബുദ്ധിമുട്ടി. ഡ്രൈവർ പുറത്തിറങ്ങി വാർഡ് കൗൺസിലർ ഷിബു വാലപ്പനെ വിവരം അറിയിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ലൈൻ ഓഫ് ചെയ്തു. തുടർന്ന് മരം വെട്ടിമാറ്റി ആട്ടോ പുറത്തെടുത്തു.