പുത്തൻചിറ: കോവിലകത്തുകുന്നിൽ ഇന്നലെ ഉച്ചതിരിഞ്ഞ് വീശിയ ശക്തമായ കാറ്റിൽ വ്യാപക കൃഷിനാശം. മാനാത്ത് സിജിമോന്റെ 120ൽപരം വാഴകളും കളപ്പുരയ്ക്കൽ പ്രേമദാസിന്റെ പത്തോളം ജാതി മരങ്ങൾ, 30 വാഴകൾ, വൈപ്പൻക്കാട്ടിൽ ഔറംഗസീബിന്റെ 50ഓളം വാഴകൾ എന്നിവയാണ് നശിച്ചത്. ഓണത്തിന് വെട്ടാൻ പാകത്തിന് കുലച്ച വാഴകളാണ് നശിച്ചത്. പിണ്ടാണിയിൽ നടുമുറി സരളയുടെ നെല്ലിമരം കട പുഴകി വൈദ്യുതി കമ്പിയിലേക്ക് വീണ് നാശനഷ്ടമുണ്ടായി. പ്രശാന്തി നഗറിൽ മരം വീണ് ഗതാഗത തടസം ഉണ്ടായി.