തൃശൂർ: നാലുവർഷമായി തൃശൂരിൽ ആവർത്തിച്ചുണ്ടാകുന്ന മിന്നൽച്ചുഴലികളിൽ കറങ്ങിത്തിരിഞ്ഞ് നാടും നഗരവും. എവിടെ, എപ്പോൾ ചുഴലിയുണ്ടാകുമെന്ന വിദൂരപ്രവചനം പോലും നടത്താനാകാതെ, കാലാവസ്ഥാവകുപ്പ് കൈമലർത്തുമ്പോൾ ജനങ്ങൾ ഭീതിയിലാണ്. ഞായറാഴ്ച ഗുരുവായൂരിലും ചെന്ത്രാപ്പിന്നിയിലും എളവള്ളിയിലും ചാലക്കുടിയിലുമുണ്ടായ മിന്നൽച്ചുഴലിയിൽ തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. 20ൽ ഏറെ വൈദ്യുതി പോസ്റ്റുകൾ പലയിടത്തായി നിലംപൊത്തി.
നിരവധി വാഴകളും കവുങ്ങും ജാതിമരങ്ങളും നശിച്ചതോടെ വ്യാപക കൃഷിനാശമുണ്ടായി. ഒട്ടേറെ വീടുകൾക്കും മതിലുകൾക്കും കേടു പറ്റി. ഓടുകളും ഷീറ്റും പറന്നു പോയി. തേക്ക് അടക്കമുള്ള നിരവധി മരങ്ങൾ റോഡിൽ വീണ് മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ടു. പെട്ടെന്ന് വ്യാപക നാശനഷ്ടമുണ്ടാക്കുന്ന മിന്നൽച്ചുഴലിക്കാറ്റുകൾ പുത്തൂർ, കല്ലൂർ തുടങ്ങിയ മലയോര മേഖലയിലാണ് നാലുവർഷം മുൻപ് തുടങ്ങിയത്. ജില്ലയിൽ എല്ലായിടങ്ങളിലും ചുഴലിയുണ്ടായി. മൺസൂണിൽ മണ്ണ് കൂടുതൽ ദുർബലമായിരിക്കുന്നതിനാൽ മിന്നൽച്ചുഴലികൾ വലിയ നാശനഷ്ടമാണുണ്ടാക്കുന്നത്.
പഠനം വെറും 'കാറ്റ്...'
മിന്നൽച്ചുഴലികൾ ആവർത്തിക്കുമ്പോൾ ഇതേക്കുറിച്ച് പഠനം നടത്താനോ മുന്നറിയിപ്പ് നൽകാനോ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികളില്ല. മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ ഗവേഷണകേന്ദ്രം പുറപ്പെടുവിക്കുമ്പോഴും ചുഴലിക്കാറ്റ് ഒരേ മേഖലയിൽ ആവർത്തിക്കുന്നതിന്റെ കാരണം അജ്ഞാതമാണ്. പുത്തൂരിനെ വിറപ്പിച്ച മിന്നൽച്ചുഴലി ആഞ്ഞുവീശി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായപ്പോൾ, പഠനം നടത്താൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് റവന്യൂ മന്ത്രി ആവശ്യപ്പെട്ടിരുന്നു. മഴ ഒഴിഞ്ഞതോടെ പഠനവും ഗവേഷണവുമെല്ലാം മറഞ്ഞു. പ്രകൃതിദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പഠനങ്ങളുമുണ്ടായില്ല. തുലാവർഷത്തിലും, വേനൽ മഴയിലുമാണ് ഇത്തരം പ്രതിഭാസം സാധാരണ കാണാറ്. പക്ഷേ, ഇപ്പോൾ കാലവർഷത്തിലും സജീവമായി. അതുകൊണ്ട് കൂടുതൽ പഠനം നടത്തണമെന്നാണ് ശാസ്ത്രജ്ഞരുടെ നിർദ്ദേശം.
ഗസ്റ്റ് വിൻഡ് എന്നറിയപ്പെടുന്ന ഈ കാറ്റിന് ആഗോളതാപനവും കാരണമാകാം
സാധാരണ വേഗത്തിലുള്ള കാറ്റ് പൊടുന്നനെ അതിവേഗത്തിലെത്തും
അഞ്ച് - എട്ട് കി.മീ വേഗമുള്ള കാറ്റ് മുപ്പത് നാൽപ്പത് കി.മീറ്റർ വരെയാകും
വളരെ പെട്ടെന്ന് ചെറിയ സമയത്ത് നിശ്ചിതപ്രദേശത്ത് മാത്രമേ ഉണ്ടാകൂ.
ഉയർന്നുപൊങ്ങുന്ന മേഘത്തിൽ നിന്ന് താഴോട്ടുള്ള വായുവിന്റെ ശക്തിയേറിയ കീഴ്തള്ളൽ കാരണം മിന്നൽച്ചുഴലികളുണ്ടാകാം. തിരശ്ചീനമായി വീശുന്ന കാറ്റിന്റെ ഗതിയിൽ പെട്ടെന്ന് വർദ്ധനയുമുണ്ടാകുന്നതാണിത്. ഇത്തരം കാറ്റുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട ഏജൻസികൾ ശാസ്ത്രീയ അപഗ്രഥനം നടത്തണം.
ഡോ.ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ഗവേഷകൻ.