1

തൃശൂർ: ഫാം ടൂറിസം, പക്ഷി നിരീക്ഷണം, സായാഹ്നസവാരി, ജലയാത്ര, സെൽഫി പോയിന്റ്, കലാകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളോടെ മനക്കൊടി പുള്ള് പള്ളിപ്പുറം കോൾ ടൂറിസം പദ്ധതിക്ക് വഴിയൊരുങ്ങുന്നു. പദ്ധതി നടപ്പാക്കാനുള്ള ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഇതോടൊപ്പം സൈക്കിൾ സവാരി, കഫ്‌റ്റീരിയ, ടേക്ക് എ ബ്രേക്ക്, വാട്ടർ കിയോസ്‌ക് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കും. സംസ്ഥാനത്തെ പ്രഥമ കോൾ ടൂറിസം പദ്ധതിയാണിത്.

സൗന്ദര്യവത്കരണം, പാർക്കിംഗ് സൗകര്യം, ഇരിപ്പിടങ്ങൾ, നടപ്പാതകൾ എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കും. ചാഴൂർ, അരിമ്പൂർ, പാറളം, പഞ്ചായത്ത് പ്രദേശങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടും. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി.ദിദിക പദ്ധതി വിശദീകരണം നടത്തി. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.മോഹൻദാസ്, പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീഷ്, കെ.എൽ.ഡി.സി, ടൂറിസം ഡിപ്പാർട്ട്‌മെന്റ്, ശുചിത്വമിഷൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കൃഷി, മൈനർ ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു.

പക്ഷി നിരീക്ഷകരുടെ സ്വർഗം

പക്ഷി നിരീക്ഷകരുടെ സ്വർഗമായി വിശേഷിപ്പിക്കുന്ന തൃശൂരിലെ കോൾപ്പാടം നൂറിലേറെ ദേശാടനപ്പക്ഷികൾ അടക്കം നിരവധി അപൂർവ പക്ഷികളുടെ ആവാസകേന്ദ്രമാണ്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ 35 ശതമാനവും കോൾപ്പാടത്ത് നിന്നാണ്. കോൾപ്പാടത്തും ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും ധാരാളം കരക്കൃഷിയും കാലി വളർത്തലുമുണ്ട്. തണ്ണീർത്തട ജൈവവ്യവസ്ഥയായ കോൾപ്പാടം നിരവധി ശുദ്ധജല മത്സ്യങ്ങൾ, ചെമ്മീൻ, തവള, ഞവിണി, കക്ക, ഞണ്ട്, പാമ്പ് തുടങ്ങിയ ജീവികളാൽ സമൃദ്ധമാണ്.

കോൾപ്പാടത്തെ പ്രദേശങ്ങളോട് ചേർന്ന പഞ്ചായത്തുകളിലുള്ള ജനങ്ങൾക്ക് കുട്ടികളെയും കൂട്ടി കുടുംബസമേതം ഒരു ദിനം ചെലവിടാൻ അകലെയുള്ള കേന്ദ്രങ്ങളാണ് ആശ്രയം. കോൾ ടൂറിസം പദ്ധതികൾ വരുന്നതോടെ പരിഹാരമാകും. നാട്ടുകാർക്ക് തൊഴിലവസരവും ഉണ്ടാകും. തട്ടുകടകൾ മുതൽ വഴിയോര കച്ചവടക്കാർക്ക് വരെ അവസരങ്ങളൊരുങ്ങും.

വിവിധ വകുപ്പുകളിലെ വിദഗ്ദ്ധരെയും, ജനപ്രതിനിധികളെയും ഉൾപ്പെടുത്തി വിശദ പഠനം നടത്തി പദ്ധതി രൂപരേഖ തയ്യാറാക്കും.

വി.എസ്.പ്രിൻസ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.