വടക്കാഞ്ചേരി : കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാഹന ചാർജിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തി എങ്കക്കാട് പണിതീർത്ത റീചാർജിംഗ് കേന്ദ്രം നിർമ്മാണം പൂർത്തിയാക്കിയപ്പോൾ വൈദ്യുതി വകുപ്പിന് നഷ്ടമായത് ലക്ഷങ്ങൾ. ഉത്തരാഖണ്ഡ് രുദ്രാപൂർ ഉദംസിംഗ് നഗറിൽ പ്രവർത്തിക്കുന്ന ഡെൽറ്റ ഇലക്ട്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് യന്ത്രങ്ങൾ സ്ഥാപിച്ചത്. ഇവരുമായുണ്ടാക്കിയ കരാർ എത്ര ലക്ഷത്തിന്റേതാണെന്ന് വെളിപ്പെടുത്താൻ വൈദ്യുതി വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. അറിവില്ല എന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ കേരളകൗമുദിയോട് പറഞ്ഞത്.
അഴിമതിയാണ് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. ബി.ഇ.വി.സി ഡി.സി 001 എന്ന മോഡൽ യന്ത്രങ്ങളാണ് സ്ഥാപിച്ചത്. പരമാവധി ലോഡ് കപ്പാസിറ്റി 15 കിലോ വാട്ടാണ്. 2021 സെപ്തംബറിൽ നിർമ്മിച്ച യന്ത്രങ്ങളാണ് എല്ലാം. ചാർജിംഗ് സ്റ്റേഷൻ നിർമ്മാണം നാലുവർഷം മുമ്പ് പ്രവർത്തനം പൂർത്തിയായെങ്കിലും ഉദ്ഘാടനം പോലും നടത്താതെ വൈദ്യുതി വകുപ്പ് മരവിപ്പിച്ചു നിറുത്തുകയായിരുന്നു. വകുപ്പിന്റെ വെബ്‌സൈറ്റിൽ ഇ ചാർജിംഗ് കേന്ദ്രങ്ങളുടെ പട്ടികയിൽ വടക്കാഞ്ചേരി ഉൾപ്പെടുത്തിയിട്ടില്ല. പ്രവർത്തന രഹിതമാണെന്ന് അറിയാതെ ഇവിടെയെത്തുന്ന വാഹന ഉടമകൾ തെരുവുനായ്ക്കളുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണ്. വർഷങ്ങളായി ഈ കേന്ദ്രത്തിലാണ് നായ്ക്കൂട്ടം രാവും, പകലും കഴിയുന്നത്.