തൃശൂർ: രാമായണ മാസാചരണത്തിന് തുടക്കം. ഇന്ന് മുതൽ ഒരുമാസക്കാലം ക്ഷേത്രങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും രാമായണപാരായണം മുഖരിതമാകും. ക്ഷേത്രങ്ങളിൽ രാവിലെ ഗണപതി ഹവനം, ഭഗവതി സേവ, രാമായണ പാരായണം എന്നിവയുണ്ടാകും. ലക്ഷക്കണക്കിന് പേർ ദർശനത്തിനെത്തുന്ന നാലമ്പല തീർത്ഥാടനത്തിനും ഇന്ന് തുടക്കമാകും.
തൃപ്രയാർ, ഇരിങ്ങാലക്കുട, തിരുമൂഴിക്കുളം, പായമ്മൽ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമാണെന്നാണ് വിശ്വാസം. രണ്ടുവർഷം മുമ്പ് തുടങ്ങിയ തിരുവില്വാമലയിൽ നിന്ന് ആരംഭിക്കുന്ന തീർത്ഥാടനത്തിനും തുടക്കമാകും.
ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ വടക്കുന്നാഥൻ, പാറമേക്കാവ്, തിരുവമ്പാടി, ഉത്രാളിക്കാവ്, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട കൂടൽ മാണിക്യം, ആറാട്ടുപുഴ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഇന്ന് മുതൽ രാമായണ മാസാചരണത്തിന് തുടക്കമാകും.