meeting
ചാലക്കുടി മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം

ചാലക്കുടി: പുതിയ മാർക്കറ്റ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. തീരദേശ വികസന വകുപ്പിന്റെയും കിഫ്ബി ഫണ്ടും ഉപയോഗിച്ചാണ് നിർമ്മാണം. പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന് നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും കച്ചവടക്കാർക്ക് താത്ക്കാലിക സ്ഥലം ഒരുക്കി കൊടുക്കുന്നതിലുള്ള കാലതാമസമാണ് നിർമ്മാണം വൈകിയത്. നിർമ്മാണത്തിന് മുന്നോടിയായി അറവ് ശാലയ്ക്ക് മുൻഭാഗത്തും തെക്കേ കവാടത്തിന് സമീപവുമുള്ള 25 കച്ചവടക്കാരെ ഈയാഴ്ച ഇവിടെ നിന്നും മാറ്റും. ഇവർക്കുള്ള താത്കാലിക മുറികളുടെ നിർമ്മാണം പൂർത്തിയായി. നിലവിലെ പഴയ 25 കെട്ടിടമുറികൾ പൊളിച്ചു മാറ്റും. ഒരു വർഷത്തിനുള്ളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാനം. തുടർന്ന് കച്ചവടക്കാരെ അധിക ഡെപ്പോസിറ്റ് ഈടാക്കാതെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. 25 കച്ചവടക്കാരെ താത്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നതുമായ് ബന്ധപ്പെട്ട് വ്യാപാരി സംഘടന പ്രതിനിധികളും, നിലവിലെ കച്ചവടക്കാരുമായി നഗരസഭ ചർച്ച നടത്തി. ചെയർമാൻ എബി ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, എൽ.ഡി.എഫ് ലീഡർ സി.എസ്.സുരേഷ്, യു.ഡി.എഫ് ലീഡർ ഷിബു വാലപ്പൻ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ ജോയ് മൂത്തേടൻ , ബിനു മഞ്ഞളി, ജോബി മേലേടത്ത്, ചന്ദ്രൻ കൊളത്താപ്പിള്ളി,ഷൈജു പുത്തൻപുരക്കൽ, നഗരസഭ എൻജിനീയർ എം.കെ.സുഭാഷ്, കിഫ്ബി ഉദ്യോഗസ്ഥർ, നിലവിലെ കച്ചവടക്കാർ എന്നിവർ പങ്കെടുത്തു.

ഒരു വർഷത്തിനുള്ളിൽ പുതിയ കെട്ടിടം