1

തൃശൂർ: പ്രളയഭീതി പരത്തുംവിധം ദുരിതം വിതച്ച് മഴ അതിശക്തം. ഞായറാഴ്ച വൈകീട്ട് ആരംഭിച്ച മഴ ഇന്നലെ പകൽ മുഴുവനും തോരാതെ പെയ്തതോടെ ജനജീവിതം ദുഃസഹം. ഞായറാഴ്ച വൈകീട്ട് ചാമക്കാല, ചാലക്കുടി മേഖലയിലുണ്ടായ മിന്നൽ ചുഴലിക്ക് പിന്നാലെ ഇന്നലെയും വ്യാപകമായ നഷ്ടമുണ്ടായി, വെള്ളക്കട്ടും രൂക്ഷമാണ്.

നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് സമീപം വലിയ മരം കടപുഴകി വീണു. ഗുരുവായൂർ ക്ഷേത്രത്തിലും മരം കടപുഴകി. തേക്കിൻകാട് മൈതാനത്ത് നിന്നിരുന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് സ്വരാജ് റൗണ്ടിലേക്ക് വീണു. ആളപായമില്ല.

ശക്തമായ മഴയിൽ ഡാമുകളിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്. പീച്ചി, വാഴാനി, ചിമ്മിനി എന്നിവിടങ്ങളിലെല്ലാം തന്നെ ജലനിരപ്പ് ഉയർന്നുതുടങ്ങി. തീരദേശ മേഖലയും വെള്ളക്കെട്ടിലാണ്. ദേശീയപാത നിർമ്മാണം നടക്കുന്ന പടിഞ്ഞാറൻ മേഖലയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.


റെയിൽവേ ട്രാക്കിൽ വെള്ളം
ശക്തമായ മഴ പെയ്താൽ തൃശൂർ റെയിൽവേ സ്റ്റേഷനിലെ നാലാം ട്രാക്ക് വെള്ളത്തിലാകും. ട്രെയിനുകൾ അധികം ഇതു വഴി പോകാത്തതിനാൽ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന് പരാതിയുണ്ട്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഇല്ലാത്തതാണ് വെള്ളം ഉയരാൻ കാരണം.

മഴ കൂടുതൽ കുന്നംകുളത്ത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ലഭിച്ചത് കുന്നംകുളം മേഖലയിലാണ്. 44.8 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കുറവ് വടക്കാഞ്ചേരിയിലായിരുന്നു. 27 മില്ലി മീറ്ററാണ് ലഭിച്ചത്.

ഞായറാഴ്ച ഉച്ച മുതൽ തിങ്കളാഴ്ച രാവിലെ വരെ
വിവിധ സ്ഥലങ്ങളിൽ ലഭിച്ച മഴ (മില്ലി മീറ്റർ കണക്കിൽ)

കൊടുങ്ങല്ലൂർ: 39
കുന്നംകുളം: 44.8
ഇരിങ്ങാലക്കുട: 33
ഏനാമാക്കൽ: 35.4
ചാലക്കുടി: 37.2
വടക്കാഞ്ചേരി: 27
വെള്ളാനിക്കര: 35.7