1
1

കൊടുങ്ങല്ലൂർ: ശക്തമായ മഴയിൽ ദേശീയപാത ചന്തപ്പുര ജംഗ്ഷൻ ചെളിക്കുളമായി. നിരവധി വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. ഈ ഭാഗത്ത് മൂന്ന് ആശുപത്രികളും മറ്റനേകം സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കാൽനടയായും വാഹനങ്ങളിലും നിരവധിയാളുകൾ വന്നുപോകുന്ന സ്ഥലമാണ്. മഴ ആരംഭിച്ചതോടെ റോഡിൽ നിരവധി കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ആഴമേറിയ കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ ശ്രദ്ധയിൽപ്പെടാതെയും പലരും അപകടത്തിൽപ്പെടുന്നു. കരാർക്കമ്പനി യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ റോഡ് കുണ്ടും കുഴികളുമായി ആഴമേറിയ ചെളിക്കുളമായിരിക്കുകയാണ്. റോഡിലെ ചെളിവെള്ളത്തിൽ നിന്നും മാറി നടക്കുന്നവർ കാനയ്ക്കരിക്കിലുള്ള ചെളിക്കുഴിയിൽ വീഴാൻ സാദ്ധ്യതയേറെയാണ്. സമീപത്ത് മൂടിയില്ലാതെ കിടക്കുന്ന കാനയും അപകടക്കെണിയാണ്. മഴക്കാലമായതോടെ കുഴിയിൽ വീണ് ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിലുള്ള തൊഴിലാളികളാണ് അപകടത്തിൽപെടുന്നവരെ താങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നത്.

ദുരവസ്ഥയ്ക്ക് കാരണം നിർമ്മാണ പ്രവർത്തനം
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണമായിട്ടുള്ളത്. നിലവിൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ തുടർച്ചയായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയായി നടപടി ഉണ്ടായിട്ടില്ല. ദേശീയപാത നവീകരണ പ്രവൃത്തികൾക്കിടയിൽ ഉണ്ടാകുന്ന പരാതികൾ ജനപ്രതിനിധികൾക്കുമുമ്പിൽ പരിഹരിക്കാമെന്ന് പറയുന്നതല്ലാതെ കരാർക്കമ്പനി ഒന്നും ചെയ്യുന്നില്ലെന്ന് വിമർശനവുമുണ്ട്.