ചാലക്കുടി: മഴ കനത്തതോടെ പൊരിങ്ങൽക്കുത്ത് ഡാം തുറന്നു. നാല് ഷട്ടറുകൾ മൂന്നടി വീതമാണ് തിങ്കളാഴ്ച വൈകീട്ട് തുറന്നത്. ജലനിരപ്പ് 423.5 മീറ്ററായി ഉയർന്നതിനെ തുടർന്നാണ് നടപടി. ഇതോടെ ചാലക്കുടിപ്പുഴയിലെ ജലവിതാനം ഉയർന്നിട്ടുണ്ട്. നിലവിലെ പുഴയിലെ ജലനിരപ്പ് 2.85 മീറ്ററാണ്. പൊരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് തുറന്നിട്ട വെള്ളം രാത്രിയോടെ പുഴയിലെത്തും. ഇത് 4.10 മീറ്ററായാൽ താഴ്ന്ന പ്രദേശങ്ങൾക്ക് ഭീഷണിയാണ്. പുഴയിലെ മുന്നറിയിപ്പ് അളവ് 7.10 മീറ്ററും അപകട നിലയിലെത്തുന്ന അളവ് 8.10 മീറ്ററുമാണ്. ഇതേ സമയം പൊരിങ്ങൽക്കുത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഷോളയാർ ഡാമിൽ ഇതുവരെയും 26.7 ശതമാനം വെള്ളമായിട്ടുള്ളു. തമിഴ്‌നാട്ടിലെ അപ്പർ ഷോളയാറിൽ 60 ശതമാനവും പറമ്പിക്കുളം ഡാമിൽ 47 ശതമാനം വെള്ളവുമുണ്ട്.
ശക്തമായ മഴയും കാറ്റും
ചാലക്കുടി: ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ ചാലക്കുടി പ്രദേശത്ത് മരങ്ങൾ കടപുഴകി വീണു.കൂടപ്പുഴ ആറാട്ടുകടവിൽ കാഞ്ഞിരമരം പുഴയിലേക്ക് വീണു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിന്റെ കൂടപ്പുഴയിലെ ഊട്ടുപുര പറമ്പിൽ നിന്ന അരനൂറ്റാണ്ട് പഴക്കമുള്ള കാഞ്ഞിര മരമാണ് നിലംപൊത്തിയത്. ആളപായമില്ല.ചേനത്തുനാട്, പോട്ട പനമ്പിള്ളി കോളേജ് എന്നിവിടങ്ങളിലും മരങ്ങൾ വീണു. അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് സമീപവും കഴിഞ്ഞദിവസം വലിയൊരു മരം വീണു. റോഡരികിൽ നിന്നിരുന്ന മരമാണ് എണ്ണപ്പന തോട്ടത്തിലേക്ക് വീണത്.
പാവറട്ടി: മുല്ലശേരി പഞ്ചായത്തിലെ ഏഴാം വാർഡായ ഊരകത്തെ 40ാം നമ്പർ അംഗൻവാടിയോട് ചേർന്നുള്ള മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു. ആളപായമില്ല. അവധിയായിരുന്നുവെങ്കിലും അധ്യാപികയും സഹായിയും അംഗൻവാടിയിലുണ്ടായിരുന്നു. മുരളി പെരുനെല്ലി എം.എൽ.എ, വാർഡ് മെമ്പർ മനീഷ് വി.എം എന്നിവർ സ്ഥലത്തെത്തി.
കടകളിൽ വെള്ളക്കെട്ട് രൂക്ഷം
പാവറട്ടി : ചക്കകണ്ടം റോഡിലുള്ള കടകളിൽ വെള്ളക്കെട്ട് അതിരൂക്ഷം. മഴക്കാലത്തിനു മുന്നോടിയായി നടത്തേണ്ട കാനകളുടെ ശുചീകരണവും മണ്ണ് നീക്കലും നടക്കാത്തതുമൂലം കാനകൾ നിറഞ്ഞ് റോഡിലൂടെയാണ് വെള്ളമൊഴുകുന്നത്. ഇത് മൂലം ഈ ഭാഗങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് പതിവായിരിക്കുകയാണ്. വാഹനങ്ങളുടെ അമിത വേഗതയും കടയിലേക്ക് വെള്ളം അടിച്ചു കയറുന്നതിന് കാരണമെന്ന് വ്യാപാരികൾ പറയുന്നത്. വെള്ളക്കെട്ട് നീക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വെള്ളം കെട്ടിനിൽക്കുന്ന സമയത്ത് അമിത വേഗത്തിൽ പോകുന്ന വാഹന യാത്രക്കാർക്കെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
ചാവക്കാട് : ശക്തമായ കാറ്റിലും മഴയിലും കാറ്റാടി മരം വീണ് വീടിന്റെ ഷെഡും ട്രാക്ടറും തകർന്നു. കടപ്പുറം പഞ്ചായത്ത് കുമാരൻപടിയിൽ ചക്കര പ്രശാന്തിന്റെ ട്രാക്ടറും വീടിന്റെ പിൻഭാഗത്തുള്ള ഷെഡുമാണ് തകർന്നത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കടലിൽ നിന്ന് വള്ളങ്ങൾ കരയിലേക്ക് കയറ്റുന്നതിനുപയോഗിക്കുന്നതാണ് ട്രാക്ടർ.
ചാവക്കാട് : ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. വീട്ടമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. ശബ്ദം കേട്ടതോടെ ഇവർ വീടിനകത്തു നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കടപ്പുറം പുളിഞ്ചോട്ടിൽ വലിയകത്ത് പരേതനായ അലിയുടെ ഓല മേഞ്ഞ വീടിനു മുകളിലാണ് വീട്ടുമുറ്റത്തു നിന്നിരുന്ന പ്ലാവ് വീണത്.