ഇരിങ്ങാലക്കുട : ഠാണ- ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിന് തുടക്കമായി. മന്ത്രി ഡോ. ആർ. ബിന്ദു കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഭൂമിയും കെട്ടിടങ്ങളും സ്ഥാപനങ്ങളും ജീവനോപാധിയും നഷ്ട്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർണമായും പൂർത്തീകരിച്ചാണ് നിർമ്മാണ പ്രവൃത്തികളിലേക്ക് കടന്നത്. ഠാണാവിലുള്ള ബി.എസ്.എൻ.എൽ ഓഫീസ് പരിസരത്ത് നിന്നാണ് നിർമ്മാണപ്രവൃത്തികൾ ആരംഭിച്ചത്. മന്ത്രി ഡോ. ആർ. ബിന്ദു ഫ്‌ളാഗ് ഓഫ് ചെയ്തതോടെ യന്ത്രസഹായത്താൽ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കിത്തുടങ്ങി.
കെ.യു. അരുണൻ, ലത ചന്ദ്രൻ, സുജ സഞ്ജീവ്കുമാർ, മാർ പോളി കണ്ണൂക്കാടൻ, കബീർ മൗലവി, സുധ ദിലീപ്, ജോസ് ചിറ്റിലപ്പിള്ളി, കെ.ആർ. ജോജോ, കെ.എസ്. തമ്പി, ലിജി രതീഷ്, ബിന്ദു പ്രദീപ്, ഷീല അജയഘോഷ്, പി.സുനിൽകുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നിർമ്മാണം ആരംഭിച്ചത്.
ചന്തക്കുന്ന് മുതൽ പൂതംകുളം വരെയുള്ള ഭാഗം വീതി കൂടും
ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകളുടെ മുഖച്ഛായ മാറ്റൽ ലക്ഷ്യമിട്ടാണ് കൊടുങ്ങല്ലൂർ- ഷൊർണൂർ റോഡിൽ ചന്തക്കുന്ന് മുതൽ പൂതംകുളം വരെയുള്ള ഭാഗം വീതി കൂട്ടുന്നത്. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിൽ ഉൾപെട്ട 0.5512 ഹെക്ടർ ഭൂമിയാണ് ഠാണ- ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിനായി പൊന്നുംവില നൽകി ഏറ്റെടുത്തത്. 40.76 കോടി രൂപയാണ് 133 പേർക്കായി വിതരണം ചെയ്തത്. പദ്ധതി പൂർത്തിയാകുന്നതോടെ ചന്തക്കുന്ന് മുതൽ പൂതംകുളം വരെയുള്ള റോഡ് 17 മീറ്ററായി വികസിക്കും. കെ.എസ്.ടി.പിയുടെ ടേബിൾ ടോപ് രീതിയിലുള്ള റോഡാണ് നിർമ്മിക്കുക.
ഇരിങ്ങാലക്കുട ടൗണിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും വ്യാപാര- വാണിജ്യ- സാംസ്‌കാരിക മേഖലകളുടെ വളർച്ചയ്ക്ക് ആക്കംകൂട്ടുന്ന ജംഗ്ഷൻ വികസനപദ്ധതി ഇരിങ്ങാലക്കുടയുടെ വികസനകുതിപ്പിന് വഴിവയ്ക്കുമെന്ന് കണ്ടറിഞ്ഞാണ് അതിവേഗം സർക്കാർ നടപടികൾ പൂർത്തീകരിച്ചത്.
- മന്ത്രി ഡോ. ആർ. ബിന്ദു