ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടനത്തിന്റെ ഉദ്ഘാടനം പായമ്മൽ ശത്രുഘ്‌നക്ഷേത്രത്തിൽ ഇന്ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. നെടുമ്പുള്ളി തരണനെല്ലൂർ മന പ്രദീപ് നമ്പൂതിരി അദ്ധ്യക്ഷനാകും. പായമ്മൽ ശത്രുഘ്‌ന ക്ഷേത്രത്തിലെ നാലമ്പല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി രമേഷ് എലിഞ്ഞിക്കോട്ടിൽ, സേവാസമിതി സെക്രട്ടറി സതീഷ് ചാർത്താംകുടത്ത് എന്നിവർ പറഞ്ഞു. ആയിരത്തിലേറെ പേർക്ക് ക്യൂവിൽ നിൽക്കാൻ കഴിയുന്ന തരത്തിലുള്ള ഓലകൊണ്ടുണ്ടാക്കിയ ചോരാപന്തലാണ് ക്ഷേത്രത്തിന്റെ കിഴക്ക് തെക്ക് മൂലയിലായി ഒരുക്കിയിരിക്കുന്നത്. പന്തലിൽ ഫാൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. പടിഞ്ഞാറെ നടയിൽ ദിവസവും പ്രസാദഊട്ട് നടക്കും. എല്ലാ ദിവസവും രാവിലെ 11മുതൽ രണ്ടുവരെയാണ് ഊട്ട്. ദിവസവും ആയിരത്തിലേറെ പേർക്ക് ഊട്ട് നൽകും. അവധി ദിവസങ്ങളിൽ കൂടുതൽ പേർക്ക് ഊട്ട് നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. വൈകിട്ട് ജീരകവെള്ളം നൽകും. ദിവസവും രാവിലെ 5.30ന് നടതുറന്ന് ഉച്ചയ്ക്ക് 1.30ന് അടയ്ക്കും. ഉച്ചതിരിഞ്ഞ് നാലിന് തുറന്ന് രാത്രി ഒമ്പതരയ്ക്കാണ് നട അടയ്ക്കുക.
ആംബുലൻസ് സൗകര്യമുണ്ടാകും
ആംബുലൻസ് സൗകര്യവും ആരോഗ്യ പ്രവർത്തകരുടേയും പൊലീസിന്റേയും സഹായ സഹകരണങ്ങളും ഭക്തജനങ്ങൾക്കുണ്ടായിരിക്കും. സി.സി.ടി.വി. ക്യാമറകൾ, ദേവസ്വത്തിന്റെ നേതൃത്വത്തിൽ വിവരങ്ങളറിയാനുള്ള പ്രത്യേക കൗണ്ടറും തുറക്കും. അരവണ, അവിൽ നിവേദ്യം, അപ്പം എന്നി പ്രസാദങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് ബസുകൾക്കും കാറുകൾക്കും ക്ഷേത്രത്തിന്റെ കിഴക്കെ നടയിലുള്ള ഗ്രൗണ്ടിലും കെ.എസ്.ആർ.ടി.സി. ബസ്സുകൾക്ക് കിഴക്കെ നടയിലുള്ള ഗ്രൗണ്ടിലുമാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.