വടക്കാഞ്ചേരി: ഗവ:ബോയ്‌സ് ഹൈസ്‌കൂളിൽ യു.പി വിഭാഗം കുട്ടികളുടെ പഠനം നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിൽ. മഴ കനക്കുന്നതോടെ പല ക്ലാസ് മുറികളിലും ചോർച്ചയും ജീർണ്ണതയും മൂലം കൂടുതൽ അപകടാവസ്ഥയിലാണ്. നൂറ്റാണ്ടുകൾക്കു മുമ്പ് കൊച്ചി മഹാരാജാവ് സ്ഥാപിച്ച കെട്ടിടത്തിലാണ് സ്‌കൂളിലെ അഞ്ചു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ 150 ഓളം വിദ്യാർത്ഥികളുടെ പഠനം. പഴയ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സുരക്ഷാ അധികൃതർ വർഷങ്ങൾക്ക് മുൻപ് റിപ്പോർട്ട് നൽകിയതാണ്. എന്നാൽ ആവശ്യമായ ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ കുട്ടികളെ ഈ കെട്ടിടത്തിൽതന്നെ പഠിപ്പിക്കുകയാണ്. ആവശ്യമായ ശുചിമുറികൾ ഇല്ലാത്തതും വലിയ പ്രതിസന്ധിയാണ്. നിലവിലുള്ള ശുചിമുറികൾ കാലപ്പഴക്കം മൂലം വൃത്തിയില്ലാത്ത അവസ്ഥയുമാണ്. കുട്ടികൾ ഭയപ്പാടോടെ പഠനം തുടരുമ്പോൾ സ്‌കൂളിനായി നിർമ്മിച്ച പുതിയ കെട്ടിടം ഭൂരിഭാഗവും പണി പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കാനാകാതെ നോക്കുകുത്തിയായി നിൽക്കുകയാണ്. ടെൻഡർ വിളിച്ചകരാറുകാരൻ നഷ്ടക്കണക്ക് ചൂണ്ടികാട്ടി മാറിനിൽക്കുകയാണെന്ന് ആരോപണമുണ്ട്. ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് സ്‌കൂൾ എന്നതിനാൽ നഗരസഭ അധികൃതർ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്ന് ആരോപണമുണ്ട്.
സ്‌കൂളിനായുള്ള പുതിയ കെട്ടിടം ഭൂരിഭാഗം നിർമ്മാണം പൂർത്തിയാക്കിയിട്ടും ക്ലാസുകൾ ആരംഭിക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ്. കാലപ്പഴക്കം മൂലം പഴയ കെട്ടിടം പൊളിച്ച് മാറ്റാനായി അധികൃതർ അറിയിച്ചിരുന്നു. അന്തരിച്ച മുൻ മന്ത്രി സി.എൻ ബാലകൃഷ്ണൻ ആവശ്യമായ തുക അനുവദിച്ചെങ്കിലും പിന്നീട് തുക ലാപ്‌സായിരുന്നു. തുടർന്ന് അനിൽ അക്കര അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 17 ക്ലാസ് മുറികളും,കമ്പ്യൂട്ടർ ലാബും ഉൾപ്പെടെ മൂന്നു നിലകളിൽ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തത്. എന്നാൽ പദ്ധതിയിൽ ഉൾപ്പെട്ട ശുചിമുറിയും മറ്റ് അറ്റകുറ്റപ്പണികളും പൂർത്തിയാക്കാനുണ്ട്.