കൊടുങ്ങല്ലൂർ : തോരാതെ പെയ്യുന്ന പെരുമഴയിൽ സാധാരണക്കാരുടെ കുടുംബങ്ങൾ പട്ടിണിയിൽ. കൂലിപ്പണിക്കാരും ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികളും ഉൾപ്പെടെയുള്ളവരാമ് പണിയില്ലാതെ പട്ടിണിയിലാകുന്നത്. മഴ തുടരുന്നതിനാൽ ജോലിക്ക് പോകാൻ പലർക്കും കഴിയുന്നില്ല. നഗരം തിരക്കൊഴിഞ്ഞ അവസ്ഥയിലാകുന്നതോടെ ടാക്സി തൊഴിലാളികളും പ്രതിസന്ധിയിലാണ്.
വ്യാപാര സ്ഥാപനം നടത്തുന്നവർ വിപണനം ഒന്നും നടക്കാതെ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ ഒരാഴ്ചയായുള്ള തോരാമഴ ഇപ്പോഴും തുടരുകയാണ്. ജാഗ്രതാ മുന്നറിയിപ്പ് ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് കടലിൽ പോകാനാകുന്നില്ല. ഇടയ്ക്കിടെ ഉണ്ടാകുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളും കടലാക്രമണങ്ങളും മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകളെ ഇല്ലാതാക്കുകയാണ്. കെട്ടിട നിർമ്മാണ മേഖലയാണ് മഴ ആരംഭിച്ചതോടെ ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത്.
നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പേരാണ് തൊഴിൽ ഇല്ലാതെ വലയുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും നേരത്തെ മുതൽ കെട്ടിട നിർമ്മാണ മേഖലയെ സ്തംഭിപ്പിച്ച സ്ഥിതിയായിരുന്നു. അസംസ്‌കൃത വസ്തുക്കളായ മെറ്റൽ, എം സാന്റ്, സിമന്റ് കട്ട തുടങ്ങിയവയ്ക്ക് വില വർദ്ധിക്കുകയും ക്ഷാമം നേരിടുകയും ചെയ്യുന്നുണ്ട്. സിമന്റിനും കമ്പിക്കും വില വർദ്ധിച്ചു.
കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്തിരുന്നവർക്കുള്ള ക്ഷേമനിധി പെൻഷൻ ലഭിച്ചിട്ട് 14 മാസം കഴിഞ്ഞു. വിവാഹ ധനസഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ, ക്യാഷ് അവാർഡ് ഇവയെല്ലാം 2020 മുതൽ മുടങ്ങി കിടക്കുകയാണ്.
- വി.കെ. ഭാസ്‌കരൻ (പ്രസിഡന്റ്, കെട്ടിട നിർമ്മാണത്തൊഴിലാളി ഫെഡറേഷൻ)