കൊടുങ്ങല്ലൂർ : ശക്തമായ മഴയിൽ കൊടുങ്ങല്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വീടുകളിൽ വെള്ളം കയറിയതോടെ കൂളിമുട്ടത്തും കയ്പമംഗലത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എറിയാട്, അഴിക്കോട്, ശ്രീനാരായണപുരം എന്നിവിടങ്ങളിലും നഗരസഭാ പ്രദേശമായ എൽത്തുരുത്ത്, പുല്ലൂറ്റ്, ചന്തപ്പുര, കൊടുങ്ങല്ലൂർ ബൈപാസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ മഴയെ തുടർന്ന് ചൊവ്വാഴ്ച വെള്ളക്കെട്ട് അനുഭവപ്പെട്ടു. ചന്തപ്പുരയിലെ ധവളാക്കുളം നിറഞ്ഞൊഴുകി. പരിസരത്തെ എം.ഐ.ടി ആശുപത്രി, ടൗൺ എൽ.പി സ്‌കൂൾ പരിസരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. നിർമ്മാണ പ്രവൃത്തികൾ നടന്നുവരുന്ന കൊടുങ്ങല്ലൂർ ബൈപാസിൽ നിലവിലുണ്ടായിരുന്ന കാനയിൽ മണ്ണും ചെളിയും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതാണ് അവിടെ വെള്ളക്കെട്ടിന് കാരണമായത്. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ മഴയിലും കാറ്റിലും മേത്തല കണ്ടംകുളം മഹാദേവ ക്ഷേത്രത്തിന്റെ മുൻവശത്ത് നിന്നിരുന്ന കൂറ്റൻ മാവിൻ കൊമ്പുകൾ ഒടിഞ്ഞു വീണു വൈദ്യുതി പോസ്റ്റുകൾ തകർന്നു. രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും അതേത്തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു.