തൃശൂർ: പുഴ ഒഴുകിയെത്തി, നാലു വർഷത്തിന് ശേഷം താണിക്കുടത്തമ്മയ്ക്ക് ആറാട്ട്. പ്രകൃതി ഒഴുകിയെത്തി ആറാട്ട് നടക്കുന്ന താണിക്കുടം ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെയാണ് താണിക്കുടം പുഴ നിറഞ്ഞ് കവിഞ്ഞ് ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠയ്ക്ക് ആറാട്ട് നടത്തിയത്. മറ്റിടങ്ങളിൽ 'വിഗ്രഹം' ഏതെങ്കിലും ജലാശയത്തിലേക്ക് ആനയിച്ച് 'കുളിപ്പിക്കുന്നതിനു'പകരം ഇവിടെ ഭഗവതിയെ കുളിപ്പിക്കാൻ പുഴ തന്നെ സ്വയം ഒഴുകിയെത്തുന്നു. ക്ഷേത്രം തുറക്കാനെത്തിയവർ മേൽശാന്തി അടക്കമുള്ളവർ ആറാട്ട് വിവരം അറിയിച്ചതോടെ നൂറുക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തി ആറാടിയത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമായ താണിക്കുടം ക്ഷേത്രത്തിൽ നാലു വർഷം മുമ്പാണ് ആറാട്ട് നടന്നത്. ചില വർഷങ്ങളും രണ്ട് മൂന്നും തവണ ആറാട്ട് നടന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിരുന്നു.