കയ്പമംഗലം: വെള്ളക്കെട്ടിൽ അമർന്ന് പെരിഞ്ഞനം എസ്.എൻ.ഡി.പി സമാജം ക്ഷേത്ര പരിസരം. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ റോഡും പരിസര പ്രദേശവുമാണ് പെരുമഴയിൽ വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുന്നത്. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. പെരിഞ്ഞനം പഞ്ചായത്ത് വാർഡ് ഒമ്പതിലാണ് മഴയാൽ ബാധിക്കപ്പെട്ട ഈ ദുരവസ്ഥ. വേനൽക്കാലത്തെ ചാറ്റൽമഴയിൽ പോലും ഇതാണ് ഇവിടെ സ്ഥിരം കാഴ്ച എന്ന് നാട്ടുകാർ പറയുന്നു. റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ഭക്തർ ഇതുവഴിയുള്ള യാത്ര ഒഴിവാക്കി ചുറ്റിവളഞ്ഞ് തെക്കേ നടയിലൂടെയാണ് ക്ഷേത്രത്തിലെത്തിയത്. തൊട്ടടുത്തുളള കൊറ്റംകുളം ചക്കരപ്പാടം കരുവത്തി റോഡിലെ കാനയിലേക്ക് വെള്ളം എത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തധികൃതർ തയ്യാറാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.